പല തവണ മട്ടൻ ചോദിച്ചവരോട് ക്യാറ്ററിംഗുകാർ പറഞ്ഞത് എല്ലാവർക്കും കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ തരാമെന്നാണ്.
തെലങ്കാന: കല്യാണവീട്ടിൽ മട്ടന് വേണ്ടി മുട്ടനടി. തെലങ്കാനയിലെ നിസാമാബാദിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കല്യാണവീട്ടിൽ ചിലർക്ക് മട്ടൻ കറി കിട്ടിയില്ലെന്ന് പറഞ്ഞ തർക്കം പിന്നീട് തമ്മിൽത്തല്ലിലും കസേരയടിയിലും പാത്രമേറിലുമാണ് കലാശിച്ചത്.
സ്ഥലം തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ നവിപേട്ടിലെ കല്യാണവീടാണ്. വധുവിന്‍റെ വീട്ടിൽ കല്യാണസൽക്കാരം നടക്കുകയാണ്. ആളുകൾ ഭക്ഷണം കഴിച്ച് വന്നും പോയുമിരിക്കുന്നതിനിടെയാണ് സ്വൽപം മദ്യപിച്ച് പൂസായ ചിലർക്ക് കുറച്ച് കൂടി മട്ടൻ വേണമെന്ന് തോന്നിയത്. പല തവണ മട്ടൻ ചോദിച്ചവരോട് ക്യാറ്ററിംഗുകാർ പറഞ്ഞത് എല്ലാവർക്കും കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിൽ തരാമെന്നാണ്.
undefined
ചോദിച്ചത് ചെറുക്കൻ വീട്ടിലെ ഒരു സംഘമാണ്. ക്യാറ്ററിംഗുകാരുടെ ഉത്തരം ഇഷ്ടപ്പെടാതിരുന്ന ചെറുക്കൻ വീട്ടുകാർ ആദ്യം അവരോട് തട്ടിക്കയറി. പിന്നീടത് വാക്കേറ്റമായി. ഉന്തും തള്ളുമായി. പിന്നെ പാത്രമേറായി. അതും പോരാഞ്ഞ് കസേരയേറ്. അങ്ങനെ കൂട്ടയടിയിലെത്തി കാര്യങ്ങൾ. ഒടുവിൽ സംഗതി കൈവിട്ട് പോകുമെന്നായപ്പോൾ ആരോ പൊലീസിനെ വിളിച്ചു.
പൊലീസ് വന്ന് രണ്ടടിയും കൊടുത്ത് എല്ലാവരെയും പിരിച്ച് വിട്ടു. സംഭവത്തിൽ പത്ത് പേർക്ക് ആകെ പരിക്കേറ്റിട്ടുണ്ട്. അടി കഴിഞ്ഞ് കുടിച്ച കള്ളിന്‍റെ കെട്ടിറങ്ങിയപ്പോൾ പെണ്ണുവീട്ടുകാർക്കും ചെറുക്കൻ വീട്ടുകാർക്കും പരാതിയുണ്ടായില്ല. എന്നാൽ അങ്ങനെയങ്ങ് വിടാൻ പൊലീസ് തയ്യാറായില്ല. ഒരു സ്ത്രീയടക്കം 19 പേർക്കെതിരെ കേസെടുത്തിരിക്കുകയാണിപ്പോൾ നിസാമാബാദ് പൊലീസ്.