യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി.
ദില്ലി: ഷെയ്ക് ഹസീന എത്ര ദിവസം ഇന്ത്യയിൽ തങ്ങുമെന്ന കാര്യത്തിൽ മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ തീരുമാനം എന്തെന്ന് പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി. ബംഗ്ളാദേശിലെ സാഹചര്യം ചർച്ച ചെയ്തു എന്ന് എസ് ജയശങ്കർ അറിയിച്ചു.
യുകെയിൽ അഭയം തേടാൻ ഷെയ്ഖ് ഹസീന അഭ്യർത്ഥന മുന്നോട്ടു വച്ചിരിക്കെയാണ് ഇന്ത്യയുടെ നീക്കം. ബംഗ്ളാദേശിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ളാദേശിലെയുും ഇന്ത്യയിലെയും ജനങ്ങളുടെ താല്പര്യത്തിന് പ്രാമുഖ്യം നൽകുന്ന നയമാണ് ഇക്കാര്യത്തിലുള്ളതെന്നും രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.