Police Complaint Online: പൊലീസില്‍ പരാതി നല്‍കുന്നതെങ്ങനെ; ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരാതി സമര്‍പ്പിക്കുന്ന വിധം

പൊലീസില്‍ പരാതി നല്‍കുന്നതെങ്ങനെ, സൈബര്‍ കുറ്റകൃത്യങ്ങള്‍, വനിതാ ഹെല്‍പ്പ്‌ലൈന്‍, സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍, എന്താണ് എഫ്ഐആര്‍, പരാതി എങ്ങനെ ഫയല്‍ ചെയ്യാംഎഫ്ഐആര്‍ ഫയല്‍ ചെയ്താല്‍ എന്ത് സംഭവിക്കും, വിവിധ തരം എഫ്ഐആറുകള്‍, 
എഫ്ഐആറിന് എത്ര കാലം വരെ സാധുതയുണ്ട്, തെളിവുകളില്ലാതെ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയുമോ, പുതിയ എഫ്ഐആര്‍ നിയമം എന്താണ്?

Need to file a police complaint in India Here's how to do it online and offline

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്‌റ്റേഷനിലോ പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ? ഉണ്ടെങ്കില്‍, ഇവിടങ്ങളില്‍ നേരിട്ട് പോകാതെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കാനാവും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് Pol-App (Kerala Police) വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം. പൊലീസ് ആരംഭിച്ച പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ 'തുണ' (www.thuna.keralapolice.gov.in) വഴിയും  പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. 

പരാതി എങ്ങനെ ഫയല്‍ ചെയ്യാം?

Latest Videos

ഡിജിറ്റല്‍ പോലീസ് പോര്‍ട്ടല്‍: 
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  സ്മാര്‍ട്ട് പോലീസിംഗ് സംരംഭമാണ് ഈ പോര്‍ട്ടല്‍. ഇത് പൗരന്മാരെ പരാതികള്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഇത് ഉപയോഗിക്കുന്നു.

പോല്‍ ആപ്പ്: 
പ്ലേസ്‌റ്റോറില്‍ നിന്നും പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.  ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം.  തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി  പോലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കണം. അനുബന്ധ രേഖകള്‍ നല്കാനുണ്ടെങ്കില്‍ അതുകൂടി അപ്ലോഡ് ചെയ്യണം. അടുത്തതായി, ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. 

പോലീസ് സ്റ്റേഷന്‍ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.  പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന്  ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച  പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും. 

തുണ സിറ്റിസണ്‍ പോര്‍ട്ടല്‍: 

www.thuna.keralapolice.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യാം. ഇതുവഴി ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും.  പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും.  പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി അപേക്ഷിക്കാം.  കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്.  സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും.  പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.  

സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാധിക്കും. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. 

പരാതി ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

ഓണ്‍ലൈന്‍ പരാതി ഫയല്‍ ചെയ്യുമ്പോള്‍, താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണം:

പരാതിക്കാരന്റെ പേര്, ജനനത്തീയതി, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, സ്ഥിരമായ വിലാസം.
സംഭവം നടന്ന തീയതിയും സ്ഥലവും, പ്രതിയുടെ വിലാസം, ജില്ല, ഫോണ്‍ നമ്പര്‍ എന്നിവ പരാമര്‍ശിക്കണം (ലഭ്യമാണെങ്കില്‍).

സൈബര്‍ കുറ്റകൃത്യങ്ങള്‍: സൈബര്‍ കുറ്റകൃത്യങ്ങളുടെ പരാതികള്‍ക്കായി, നിങ്ങള്‍ക്ക് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ ഉപയോഗിക്കാം.

അടിയന്തര സാഹചര്യങ്ങള്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കോ കുറ്റകൃത്യങ്ങള്‍ക്കോ, അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക അല്ലെങ്കില്‍ 112 എന്ന നമ്പറില്‍ വിളിക്കുക.

വനിതാ ഹെല്‍പ്പ്‌ലൈന്‍: 
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ക്ക്, 181 എന്ന നമ്പറില്‍ നാഷണല്‍ വിമന്‍സ് ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം.

സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈന്‍: 
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്, 1930 എന്ന നമ്പറില്‍ സൈബര്‍ ക്രൈം ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം.

എന്താണ് എഫ്ഐആര്‍?
ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിക്കുമ്പോള്‍ തയ്യാറാക്കുന്ന രേഖയാണ് പ്രഥമ വിവര റിപ്പോര്‍ട്ട് (First Information Report-FIR ).

എഫ്ഐആര്‍ ഫയല്‍ ചെയ്താല്‍ എന്ത് സംഭവിക്കും?
 ഒരു എഫ്ഐആര്‍ (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) ഫയല്‍ ചെയ്ത ശേഷം, കേസ് അന്വേഷിക്കാന്‍ പോലീസിന് നിയമപരമായ ബാധ്യതയുണ്ട്. അറസ്റ്റുകള്‍, തെളിവുകള്‍ ശേഖരണം, കണ്ടെത്തലുകളെ ആശ്രയിച്ച് കോടതിയില്‍ കുറ്റപത്രം അല്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം.

വിവിധ തരം എഫ്ഐആറുകള്‍: 

ജനറല്‍ എഫ്ഐആര്‍, സീറോ എഫ്ഐആര്‍, കൊഗ്‌നിസബിള്‍ ക്രൈം എഫ്ഐആര്‍, നോണ്‍-കൊഗ്‌നിസബിള്‍ ക്രൈം എഫ്ഐആര്‍, വൈകിയുള്ള എഫ്ഐആര്‍, കൗണ്ടര്‍ എഫ്ഐആര്‍, പ്രത്യേക നിയമങ്ങള്‍ പ്രകാരമുള്ള എഫ്ഐആര്‍ എന്നിവയാണ് പ്രധാന വിഭാഗങ്ങള്‍. 

എഫ്ഐആറിന് എത്ര കാലം വരെ സാധുതയുണ്ട്?
ഒരു എഫ്ഐആറിന് നിശ്ചിത കാലാവധിയൊന്നുമില്ല; കുറ്റകൃത്യത്തെയും അന്വേഷണത്തെയും ആശ്രയിച്ച്, പോലീസ് കുറ്റം ചുമത്തുകയും അത് ഫയല്‍ ചെയ്ത് മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്യാം.

തെളിവുകളില്ലാതെ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയുമോ?
ഒരു കൊഗ്‌നിസബിള്‍ കുറ്റം റിപ്പോര്‍ട്ട് ചെയ്താല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബാധ്യസ്ഥരായതിനാല്‍, പ്രാരംഭ ഘട്ടത്തില്‍ തെളിവുകളില്ലാതെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയും. എഫ്ഐആര്‍ ഫയല്‍ ചെയ്ത ശേഷമാണ് അന്വേഷണവും തെളിവ് ശേഖരണവും നടക്കുന്നത്.

പുതിയ എഫ്ഐആര്‍ നിയമം എന്താണ്?
ഇന്ത്യയിലെ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അനുസരിച്ച് ആര്‍ക്കും അധികാരപരിധി പരിഗണിക്കാതെ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയും. ഇതിനെ സീറോ എഫ്ഐആര്‍ എന്ന് വിളിക്കുന്നു.
 

vuukle one pixel image
click me!