മരണത്തെ തോൽപ്പിച്ച് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

By Web TeamFirst Published Oct 23, 2024, 9:36 AM IST
Highlights

കഴിഞ്ഞ ദിവസമാണ് കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരുവില്‍ ആറുനില കെട്ടിടം തകര്‍ന്നു വീണത്. സംഭവത്തില്‍ ഇതുവരെ അഞ്ച് പേര്‍ മരിച്ചു.

ബെം​ഗളൂരു: ബെം​ഗളൂരുവിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന സംഭവത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിർമാണത്തൊഴിലാളി. ബിഹാർ സ്വദേശിയായ അയാസ് ആണ് രക്ഷപ്പെട്ടത്. രാത്രി മുഴുവൻ തകർന്ന കെട്ടിടത്തിന് കീഴിൽ കഴിഞ്ഞ അയാസിനെ തൂണുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എൻഡിആർഎഫും എസ്ഡിആർഎഫും പോലീസും ഫയർ ഫോഴ്‌സും  രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

തെരച്ചിലിനിടെ അയാസിന് ജീവനുണ്ടെന്ന് കണ്ടതോടെ ജാഗ്രതയോടെയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കിയത്. ജെസിബി കൊണ്ട് വശത്തെ സിമന്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പതുക്കെ പുറത്തെടുക്കുകയായിരുന്നു. അയാസിനെ ഉടൻ തന്നെ സജ്ജമാക്കി നിർത്തിയിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.

Latest Videos

 Read More.... നടുങ്ങി ബം​ഗളൂരു, നിർമ്മാണത്തിലുള്ള 6 നില കെട്ടിടം തകർന്നു വീണു; ഒരു മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ഹെന്നൂരിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിൽ നിന്ന് 4 മൃതദേഹം കൂടി കണ്ടെടുത്തു.  അപകടത്തിൽ മരണം അഞ്ചായി ഉയർന്നു.  ഇന്നലെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ, തമിഴ്നാട് സ്വദേശികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ത്രിപാൽ, മുഹമ്മദ്‌ സാഹിൽ, സത്യരാജ് എന്നിവരാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ഇനി 5 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും അപകടത്തിൽപ്പെട്ടുവെന്നും സ്ഥിരീകരിച്ചു. സ്നിഫർ ഡോഗുകളെ അടക്കം ഉപയോഗിച്ച് ആണ് തെരച്ചിൽ തുടരുന്നത്.

 

click me!