ദുരൂഹതയുണർത്തി വിമാനങ്ങൾക്ക് ബോംബ് ഭീഷണി; നോ ഫ്ലൈ ലിസ്റ്റിൽ പെടുത്തുന്നതടക്കം കടുത്ത നടപടികളിലേക്ക് കേന്ദ്രം

By Web Team  |  First Published Oct 21, 2024, 2:22 PM IST

ഭീഷണികളെ നിസാരമായി കാണാൻ ആകില്ലെന്ന് വ്യോമയാന മന്ത്രി. ബോംബ് ഭീഷണി വന്നാൽ  പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുന്നുണ്ട്. ഇത് ചെയ്തേ മതിയാകൂ. 


ദില്ലി: ദുരൂഹതയുണർത്തി രാജ്യത്ത് വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ ലഭിക്കുന്നത് തുടരുമ്പോൾ പ്രതികരണവുമായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഭീഷണികളെ നിസാരമായി കാണാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു. ബോംബ് ഭീഷണി വന്നാൽ  പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുന്നുണ്ട്. ഇത് ചെയ്തേ മതിയാകൂ. 

ഭീഷണി വ്യാജമാണെങ്കിലും സുരക്ഷാ പരിശോധനകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്. വ്യോമയാന രംഗത്തെ വിവിധ തലങ്ങളിൽ പെട്ടവരുമായി  കൂടിയാലോചനകൾ  തുടരുന്നുണ്ട്. ഇത്തരം ഭീഷണികൾ നേരിടാൻ പുതിയ നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണ്. 

Latest Videos

undefined

ഇത്തരം വ്യാജ ബോംബ് ഭീഷണികൾ നടത്തുന്നവരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇക്കാര്യത്തിൽ നിയമത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിയമവിധരുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബോംബ് ഭീഷണിയെ തുടർന്ന് എട്ടു വിമാനങ്ങൾ വഴിതിരിച്ചുവിട്ടുവെന്നും റാം മോഹൻ നായിഡു അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ഭീഷണികളിൽ അടക്കം പരിശോധനകൾ തുടരുകയാണ്. 

മറ്റ് മന്ത്രാലയങ്ങളുമായി അടക്കം ചേർന്ന് നടപടികൾ ഉണ്ടാകും. യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇൻഡി​ഗോ, വിസ്താര, എയർ ഇന്ത്യ, ആകാശ കമ്പനികളുടെ  20 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനുസരിച്ചുള്ളസുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്നാണ് നിർദേശം.

നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ സഞ്ചരിക്കരുതെന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപഥ്വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ തീയതികളില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 

3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിന് പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!