കരാർ ജോലിക്കിടെ പ്രസവാവധി; യുവഡോക്ടറെ പിരിച്ച് വിടാൻ നിർദ്ദേശം, വിവേകത്തോടെ പെരുമാറണമെന്ന് കോടതി

By Web Team  |  First Published May 22, 2024, 1:50 PM IST

കരാർ ജോലി ആയതിനാൽ ആറുമാസത്തെ പ്രസവാവധിക്ക് യുവ ഡോക്ടർക്ക് അർഹതയില്ലെന്നും ഏഴ് ദിവസത്തെ ലീവിന് ശേഷം വേതനമില്ലാത്ത അവധി എടുക്കാനുമാണ് യുവ ഡോക്ടറോട് കോർപ്പറേഷന് കീഴിലുള്ള ആശുപത്രി നിർദ്ദേശം നൽകിയത്


മുംബൈ: കരാർ ജോലിക്കിടെ പ്രസവാവധി എടുത്തതിന് പിരിച്ച് വിടൽ നോട്ടീസ് ലഭിച്ച ജീവനക്കാരിയോട് വിവേകത്തോടെ പെരുമാറണമെന്ന് കോടതി. മുംബൈ നഗരസഭയോടാണ് ഹൈക്കോടതി ഉത്തരവ്. മുംബൈ കോർപ്പറേഷനിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ഡോക്ടറെ പിരിച്ച് വിടുന്നതിനെതിരെയാണ് കോടതി നിലപാട്. അനുവദിച്ചതിലും അധികം ദിവസങ്ങൾ അവധി എടുത്തെന്ന് കാണിച്ചാണ് അധ്യാപികയ്ക്ക് പിരിച്ച് വിടൽ നോട്ടീസ് നൽകിയത്. 

ജസ്റ്റിസ് ആരീഫ് , ജസ്റ്റിസ് സോമശേഖർ സുന്ദരേശൻ എന്നിവരാണ് യുവതിയോട് വിവേകത്തോടെ പെരുമാറണമെന്ന് കോർപ്പറേഷന് നിർദ്ദേശം നൽകിയത്. യുവതിക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും കോടതി കോർപ്പറേഷന് നൽകിയിട്ടുണ്ട്. സീമന്തനി ബോസ് എന്ന വനിതാ ഡോക്ടറുടെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. മുംബൈയിലെ ബാബാ അശുപത്രി അധികൃതരാണ് കരാർ ജോലി ആയതിനാൽ ആറുമാസത്തെ പ്രസവാവധിക്ക് യുവ ഡോക്ടർക്ക് അർഹതയില്ലെന്ന് വിശദമാക്കിയത്. 

Latest Videos

undefined

ആശുപത്രിയുടെ ചട്ടങ്ങൾ അനുസരിച്ച് ഏഴ് ദിവസത്തെ അവധിക്ക് മാത്രമാണ്  സീമന്തനി ബോസിന് അർഹതയുള്ളത്. എന്നാൽ യുവ ഡോക്ടറുടെ ഹർജി ജൂൺ 12 ന് പരിഗണിക്കുമെന്നും അതുവരെ യുവതിയോട് വിവേകത്തോടെ പെരുമാറണമെന്നാണ് കോടതി വിശദമാക്കിയത്. പിരിച്ചുവിടൽ നിർദ്ദേശം സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് വരെ നടപടികളുണ്ടാവില്ലെന്ന എതിർഭാഗം ഉറപ്പും കോടതി രേഖപ്പെടുത്തി. യുവ ഡോക്ടർക്ക് നൽകാനുള്ള പണം നൽകാനും കോടതി വിശദമാക്കിയിട്ടുണ്ട്. എംബിബിഎസ്, എംസ് ബിരുദധാരിയായ സീമന്തനി ബോസിനെ 2023 ഡിസംബർ 1നാണ് ബാബാ ആശുപത്രിയില ടീച്ചർ- ജൂനിയർ കൺസൾട്ടന്റ് പദവിയിൽ നിയമിച്ചത്. ആറ് മാസത്തെ കരാറിലാണ് നിയമനം എങ്കിലും ഈ പോസ്റ്റിന്റെ കാലാവധി മറ്റ് നിർദ്ദേശങ്ങൾ വരാത്തിടത്തോളം കാലം തുടരാമെന്നുള്ള നയത്തോടെയായിരുന്നെന്നും യുവ ഡോക്ടറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

മാർച്ച് മാസത്തിലാണ് യുവ ഡോക്ടർ ആറുമാസത്തെ പ്രസവാവധി ആവശ്യപ്പെട്ടത്. ഏപ്രിൽ മുതൽ ആറുമാസത്തേക്ക് ആയിരുന്നു അവധി ആവശ്യപ്പെട്ടത്. എന്നാൽ വേതനത്തോടെ അല്ലാതെയുള്ള പ്രസവാവധിയിൽ പ്രവേശിക്കാനാണ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടറോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ കോടതിയിലെത്തിയതോടെയാണ് പിരിച്ചുവിടാൻ നിർദ്ദേശം നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!