കൊവിൻ ആപ്പിനെ ഇകഴ്ത്താനുള്ള ശ്രമം: വിവര ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

By Web TeamFirst Published Jun 13, 2023, 10:55 AM IST
Highlights

കൊവിഡ് വാക്സീനേഷൻ സമയത്ത്  കൊവിന്‍ ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ ഹാക്ക് ഫോര്‍ ലേൺ എന്ന  ടെലഗ്രാം ബോട്ടിലൂടെ ചോർന്നെന്നാണ് ആരോപണം

ദില്ലി: കൊവിൻ ആപ്പ് വിവര ചോർച്ചാ വിവാദം കൊവിൻ ആപ്പിനെ ഇകഴ്ത്താനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ആരോപിച്ച് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊവിൻ ആപ്പിൽ നിന്നുള്ള വിവരങ്ങളല്ല ചോർന്നതെന്ന് ആവർത്തിച്ച അദ്ദേഹം പ്രചരിക്കുന്നത് വ്യാജ വിവരങ്ങളോ മുൻപ് പുറത്ത് വന്ന വിവരങ്ങളോ ആകാമെന്നും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിതമായി അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവര ചോർച്ചാ വിവാദത്തിൽ ഇന്നലെ തന്നെ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് വാക്സീനേഷൻ സമയത്ത്  കൊവിന്‍ ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ ഹാക്ക് ഫോര്‍ ലേൺ എന്ന  ടെലഗ്രാം ബോട്ടിലൂടെ ചോർന്നെന്നാണ് ആരോപണം. പേര്, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം,  ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്  തുടങ്ങിയ വിവരങ്ങൾ ചോർന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വ്യക്തിഗത വിവരങ്ങൾ സ്ക്രീന്‍ ഷോട്ടുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

Latest Videos

സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തിയ ആരോഗ്യമന്ത്രാലയം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള എമര്‍ജന്‍സി കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് ടീം അന്വേഷണം ഏറ്റെടുത്തത്. എമര്‍ജന്‍സി കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് ടീം ഉടനടി പരിശോധന നടത്തിയെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സ്വകാര്യത ലംഘനത്തില്‍ എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ടെലഗ്രാം ബോട്ട് നിശ്ചലമായി. കൊവിന്‍ പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ഒടിപിയും നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലഗ്രാമിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കൊവിന്‍ ആപ്പിന്‍റെ മേല്‍നോട്ടം ആരോഗ്യമന്ത്രാലയത്തിനും,ഐടി മന്ത്രാലയത്തിനുമാണ്. വിവര സുരക്ഷയില്‍ നേരത്തെയും കൊവിന്‍ ആപ്പിനെതിരെ പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ ആരോപണമെന്ന് നിസാരവത്ക്കരിച്ച് കേന്ദ്രം അത് തള്ളുകയായിരുന്നു. കൊവിന്‍ ആപ്പ് സുരക്ഷിതമെന്ന് ആവര്‍ത്തിച്ചിരുന്ന കേന്ദ്രസര്‍ക്കാരിന് വിവര ചോര്‍ച്ച വലിയ ക്ഷീണമായി. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

click me!