'കുരങ്ങന്‍റെ കയ്യിൽ സാംസങ് എസ്25 അൾട്ര'; വിനോദ സഞ്ചാരിയുടെ ഫോൺ തട്ടിപ്പറിച്ചു, 'സമ്മാനം' നൽകി തിരികെ വാങ്ങി!

വൃന്ദാവനം സന്ദർശിക്കാനെത്തിയ യുവാവിന്‍റെ സാംസങ് എസ് 25 അൾട്ര ഫോണാണ് ഒരു കുരങ്ങൻ തട്ടിപ്പറിച്ചത്. കുരങ്ങൻ മൊബൈൽ തട്ടിയെടുക്കുന്നതും പിന്നീട് 'പ്രതിഫലം' വാങ്ങി ഫോൺ തിരികെ നൽകുന്നതിന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.


കാൺപൂർ: മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാണപ്പെടുന്ന കുരങ്ങന്മാർ സഞ്ചാരികൾകൾക്ക്  തലവേദന സൃഷ്ടിക്കാറുണ്ട്. ഭക്ഷണ സാധനങ്ങളും വെള്ളവും മറ്റും തട്ടിപ്പറിച്ച് കടന്ന് കളയുന്ന കുരങ്ങന്മാർ പലപ്പോഴും പൊതുജനങ്ങൾക്കടക്കം ഭീഷണിയാണ്. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലും കുരങ്ങന്മാരുടെ ശല്യം കൂടുതലാണ്. ഇത്തവണ പക്ഷേ ഒരു കുരങ്ങൻ തട്ടിപ്പറിച്ചത് ഭക്ഷണവും സ്നാക്സുമൊന്നുമല്ല, ഒരു യുവാവിന്‍റെ ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണാണ്.

വൃന്ദാവനം സന്ദർശിക്കാനെത്തിയ യുവാവിന്‍റെ സാംസങ് എസ് 25 അൾട്ര ഫോണാണ് ഒരു കുരങ്ങൻ തട്ടിപ്പറിച്ചത്. കുരങ്ങൻ മൊബൈൽ തട്ടിയെടുക്കുന്നതും പിന്നീട് 'പ്രതിഫലം' വാങ്ങി ഫോൺ തിരികെ നൽകുന്നതിന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.  കാര്‍ത്തിക റാത്തൗഡ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു കുരങ്ങൻ കെട്ടിടത്തിന് മുകളിൽ സാംസങ് എസ്25 അള്‍ട്രാ ഫോണുമായി ഇരിക്കുന്നതും യുവാക്കൾ തന്ത്രപരമായി ഫോൺ തിരികെ വാങ്ങുന്നതുമാണ് വീഡിയോ.

Latest Videos

വീഡിയോ കാണാം

വീഡിയോയുടെ തുടക്കത്തില്‍ ഒരു കെട്ടിടത്തിന് മുകളിൽ തട്ടിയെടുത്ത സാംസങ് എസ്25 അള്‍ട്രാ ഫോണുമായി ഇരിക്കുന്ന കുരങ്ങിനെ കാണാം. യുവാക്കൾ ഫോൺ തരാൻ ആവശ്യപ്പെട്ടിട്ടും കുരങ്ങൻ മൈൻഡാക്കിയില്ല. തുടർന്ന് കുരങ്ങിന്റെ കൈയില്‍ നിന്ന് ഫോണ്‍ തിരികെ കിട്ടാനായി യുവാക്കൾ ശ്രമം തുടങ്ങി. ഒടുവിൽ യുവാക്കളിലൊരാൾ ഒരു മാംഗോ ജ്യൂസിന്‍റ് പായ്ക്കറ്റ് കുരങ്ങിന് എറിഞ്ഞ് നൽകി. ആദ്യത്തെ ജ്യൂസ് കുരങ്ങന് തൊട്ടടുത്ത് വീണെങ്കിലും മൊബൈൽ തിരിച്ച് താഴേക്ക് ഇട്ടില്ല.

ഇതോടെ യുവാവ് വീണ്ടും ഒരു ജ്യൂസ് പായ്ക്കറ്റ് കൂടി എറിഞ്ഞ് നൽകി. ഇത്തവണ  ജ്യൂസ് പിടിച്ചെടുത്ത കുരങ്ങൻ പിന്നാലെ മൊബൈൽ ഫോൺ താഴേക്ക് ഇട്ട് കൊടുക്കുകയായിരുന്നു. യുവാവ് അത് കൃത്യമായി പിടിച്ചെടുത്തു. ലക്ഷങ്ങളുടെ ഫോൺ പരിക്കില്ലാതെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ യുവാക്കൾ ബഹളം വെക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഒരു പായ്ക്കറ്റ് ജ്യൂസിൽ 1.5 ലക്ഷത്തോളം വില വരുന്ന ഫോൺ തിരികെ കിട്ടിയ ആശ്വാസത്തിലാണ് യുവാക്കൾ.

Read More : ആത്മഹത്യയെന്ന് തോന്നിപ്പിക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കിൽ ഉപേക്ഷിച്ചു; സിസിടിവിയിൽ കുടുങ്ങി പ്രതികൾ

tags
click me!