കൊളീജിയത്തിന്‍റെ ശുപാര്‍ശക്കെതിരെ കടുത്ത പ്രതിഷേധമാണ് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നടത്തുന്നത്.
ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വേണ്ടി ഫോണുകൾ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് ശര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പണം കണക്കില്‍ പെടാത്തതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റുന്നത് ദില്ലി ഹൈക്കോടതിയിൽ ഭരണപ്രതിസന്ധി ഒഴിവക്കാനാണെന്നാണ് വിശദീകരണം.
സാധാരണ ജഡ്ജിമാർക്കെതിരെയുള്ള അന്വേഷണ വിവരം രഹസ്യമായി വെയ്ക്കുകയാണ് പതിവ്. അതിനാൽ എല്ലാ രേഖകളും പ്രസിദ്ധീകരിച്ചതിൽ കൊളീജിയത്തിലെ രണ്ടു ജഡ്ജിമാർക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടും വന്നിരുന്നു. പാർലമെന്‍റിന്‍റെ ഇരുസഭകളിലും മറ്റു നടപടികൾ നിര്‍ത്തിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ എംപിമാർ നോട്ടീസ് നല്കിയിട്ടുണ്ട്.
എന്നാല്‍ കൊളീജിയത്തിന്‍റെ ശുപാര്‍ശക്കെതിരെ കടുത്ത പ്രതിഷേധമാണ് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നടത്തുന്നത്. കോടതി നടപടികൾ ബഹിഷ്കരിച്ചുള്ള സമരത്തിനാണ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജഡ്ജിയെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തും നൽകിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ നിലവില്‍ സുപ്രീംകോടതി ആഭ്യന്തര സമിതിയുടെ അന്വേഷണം തുടരുകയാണ്.
ജസ്റ്റിസ് വർമ്മയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സമിതി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ദൃശ്യത്തിലുള്ളത് വർമ്മയുടെ വീട്ടിലെ സ്റ്റോർ റൂമാണോ എന്നും വിദഗ്ധർ പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗിന്‍റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം