കാണാതായ സ്‍കോർപിയോ കാർ 400 കിലോമീറ്റർ അകലെ ഹൈവേ സൈഡിൽ; നമ്പർ പ്ലേറ്റില്ലെങ്കിലും ഗ്ലാസിൽ മൂന്ന് പേപ്പറുകൾ

By Web TeamFirst Published Oct 14, 2024, 3:06 PM IST
Highlights

പേപ്പറുകൾ കണ്ടാണ് കാർ ഇത്രയും അകലെ എങ്ങനെ എത്തി എന്ന കാര്യത്തിൽ പൊലീസിന് ധാരണയുണ്ടായത്. 

ജയ്‍പൂർ: റോഡരിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്ര സ്‍കോർപിയോ കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തെത്തുന്ന ആർക്കും കാണാവുന്ന തരത്തിൽ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ മൂന്ന് പേപ്പറുകൾ ഒട്ടിച്ചു വെച്ചിരുന്നു. അതിൽ ഉണ്ടായിരുന്നതാവാട്ടെ കാറിന്റെ യഥാർത്ഥ ഉടമയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും. വാഹനം മോഷ്ടിച്ചവർ തന്നെയായിരിക്കാം ഇത് പാർക്ക് ചെയ്തിട്ട് പേപ്പറിൽ വിവരങ്ങൾ എഴുതിവെച്ച ശേഷം പോയതെന്നാണ് നിഗമനം. എന്നാലും ഇത്രയും മര്യാദക്കാരയ കള്ളന്മാരുണ്ടോ എന്ന അമ്പരപ്പിലാണ് കാർ കണ്ടെത്തിയ പൊലീസുകാർ.

രാജസ്ഥാനിലെ ജയ്‍പൂർ - ബികാനീർ ഹൈവേയിൽ റോഡരികിലെ ഒരു ഹോട്ടലിന് സമീപത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. പിന്നിലെ ഗ്ലാസിൽ രണ്ട് കുറിപ്പുകളും മുന്നിലെ ഗ്ലാസിൽ ഒരു കുറിപ്പുമാണ് ഒട്ടിച്ചു വെച്ചിരുന്നത്. കാർ കണ്ട പ്രദേശവാസികളിലൊരാൾ കുറിപ്പുകൾ വായിച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. "ഈ കാർ ഡൽഹിയിലെ പാലം എന്ന സ്ഥലത്തു നിന്ന് മോഷ്ടിച്ചതാണ് " എന്നായിരുന്നു ഒരു പേപ്പറിൽ എഴുതിയിരുന്നത്. കാറിന്റെ രജിസ്ട്രേഷൻ നമ്പർ കൂടി എഴുതിയ ശേഷം സോറി എന്നും അടിയിലായി എഴുതിവെച്ചിരുന്നു. ഈ വിവരമാണ് കാർ എങ്ങനെ അവിടെയെത്തി എന്ന് കണ്ടെത്താൻ പൊലീസിന് നിർണായകമായ സഹായമായത്. തൊട്ടടുത്ത് തന്നെ മറ്റൊരു പേപ്പറിൽ "ഐ ലവ് മൈ ഇന്ത്യ" എന്നും എഴുതി വെച്ചിട്ടുണ്ടായിരുന്നു.

Latest Videos

മൂന്നിലെ ഗ്ലാസിൽ എഴുതിയിരുന്നത് "ഈ കാർ ഡൽഹിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും പൊലീസിനെ വിളിച്ച് അവരെ വിവരമറിയിക്കണം, അർജന്റ്" എന്നായിരുന്നു. എഴുതി വെച്ചിരുന്ന നമ്പർ നോക്കി പൊലീസുകാ‍ർ കാറിന്റെ ഉടമയുടെ വിവരങ്ങൾ ശേഖരിച്ചു. ഡൽഹിയിലെ പാലം കോളനിയിൽ താമസിച്ചിരുന്ന ഇയാൾ കാർ നഷ്ടമായെന്ന് കാണിച്ച് ഒക്ടോബ‍ർ പത്തിന് വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഡൽഹി പൊലീസ് ഇതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ വാഹനമാണ് 450 കിലോമീറ്റർ അകലെ ബികാനീറിൽ കണ്ടെത്തിയത്. 

വാഹനം എന്തെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്. ഡൽഹി പൊലീസിൽ നിന്നുള്ള സംഘം വാഹന ഉടമയുമായി ബികാനീറിലെത്തി വാഹനം പരിശോധിച്ചു. ബികാനീർ പൊലീസ് വാഹനം ഡൽഹി പൊലീസിന് കൈമാറി. വാഹനം കുറ്റകൃത്യത്തിന് ഉപയോഗിച്ചോ എന്നുള്ളത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!