3 ഉപമുഖ്യമന്ത്രിമാർ വേണമെന്ന് മന്ത്രിമാർ, ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി; കർണാടകയിൽ പ്രതിസന്ധി

By Web TeamFirst Published Jun 26, 2024, 8:36 PM IST
Highlights

മന്ത്രിമാരുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ശിവകുമാറും രം​ഗത്തെത്തി. ഈ വിഷയത്തിൽ പാർട്ടി ഉചിതമായി പ്രതികരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു. മാ

ബെംഗളൂരു: കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ ഹൈക്കമാൻഡിൻ്റെ തീരുമാനം അന്തിമമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.  വീരശൈവ-ലിംഗായത്ത്, എസ്‌സി/എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ചില മന്ത്രിമാർ രം​ഗത്തെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഡികെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അന്തിമമായിരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാറിലും പാർട്ടിയിലും ശിവകുമാർ പിടിമുറുക്കുന്നത് തടയിടാനാണ് സിദ്ധരാമയ്യയുടെ ആശീർവാദത്തോടെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടി ചില മന്ത്രിമാർ ആവശ്യപ്പെടുന്നതെന്ന് സൂചനയുണ്ട്.

സഹകരണ മന്ത്രി കെ എൻ രാജണ്ണ, ഭവന മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാൻ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർക്കായി കളത്തിലിറങ്ങിയത്. കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവിൽ ഒത്തുതീർപ്പ് ഫോർമുലയായി ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. 

Latest Videos

Read More... ഐഎസ്ആർഒ ഗൂഢാലോചന കേസ്; കുറ്റപത്രം സമർപ്പിച്ചു, 5 പ്രതികൾക്കെതിരെയാണ് കുറ്റപത്രം

മന്ത്രിമാരുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ശിവകുമാറും രം​ഗത്തെത്തി. ഈ വിഷയത്തിൽ പാർട്ടി ഉചിതമായി പ്രതികരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു. മാധ്യമങ്ങൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വാർത്തയാക്കും. ഇത്തരം വാർത്തകളിൽ സന്തോഷം കണ്ടെത്തുന്നവരോട് ഞാൻ എന്തിന് നോ പറയണം. ആരെങ്കിലും എന്ത് ആവശ്യം ഉന്നയിക്കട്ടെ. ദയവായി മല്ലികാർജുൻ ഖാർഗെയെയും ചുമതലയുള്ള ജനറൽ സെക്രട്ടറിയെയും കാണുക. അല്ലെങ്കിൽ മുഖ്യമന്ത്രിയോട് ചോദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

 

click me!