നദിയിലെ ഒരു ഭാഗത്ത് നിന്ന് ഇയാളുടെ ഷർട്ട് കണ്ടെത്തിയതിന് പിന്നാലെ ഈ മേഖലയിൽ സേന അരിച്ച് പെറുക്കിയെങ്കിലും ഷർട്ടല്ലാതെ ഒന്നും കിട്ടാതെ വന്നതോടെയാണ് കൊടുംമഴയിലെ തെരച്ചിൽ അവസാനിപ്പിച്ചത്
ചിഞ്ച്വാഡ്: ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെ നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് എടുത്ത് ചാടി 45കാരൻ. പിന്നാലെ തെരച്ചിലുമായി അഗ്നിരക്ഷാ സേന അടക്കം രംഗത്ത്. ആളെ കണ്ടെത്താനാവാതെ ദൌത്യം ഉപേക്ഷിച്ചതിന് പിന്നാലെ പരിക്കേൽക്കാതെയ ഇയാൾ തിരികെ വീട്ടിലെത്തി. പൂനെയിലെ ചിഞ്ച്വാഡിലെ ചിഞ്ച്വാഡേനഗറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
അഭാസാഹബ് കേശവ് പവാർ എന്നയാളാണ് കുടുംബ പ്രശ്നങ്ങളെ തുടർന്ന് നിറഞ്ഞൊഴുകുന്ന നദിയിലേക്ക് എടുത്ത് ചാടിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇത്. വാൽഹെകാർവാടിയിലെ ജാദവ് ഘാട്ടിന് സമീപത്ത് നിന്നാണ് ഇയാൾ നദിയിലേക്ക് ചാടിയിത്. വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിൽ നിന്ന് ലഭിച്ച വിവരത്തിലാണ് അഗ്നിരക്ഷാ സേന മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. നദിയിലെ ഒരു ഭാഗത്ത് നിന്ന് ഇയാളുടെ ഷർട്ട് കണ്ടെത്തിയതിന് പിന്നാലെ ഈ മേഖലയിൽ സേന അരിച്ച് പെറുക്കിയെങ്കിലും ഷർട്ടല്ലാതെ ഒന്നും കിട്ടാതെ വന്നതോടെയാണ് കൊടുംമഴയിലെ തെരച്ചിൽ അവസാനിപ്പിച്ചത്.
undefined
എന്നാൽ എട്ട് മണിക്കൂറിന് ശേഷം 45കാരൻ മരിച്ചെന്ന് വിശ്വസിച്ചിരുന്ന വീട്ടുകാർക്ക് മുന്നിലേക്ക് ഇയാൾ എത്തുകയായിരുന്നു. നദിയിൽ ചാടിയതിന് പിന്നാലെ ഒരു വിധത്തിൽ നീന്തി രക്ഷപ്പെട്ട ഇയാൾ നദിയോരത്തെ പുല്ലുകൾക്കിടയിൽ മണിക്കൂറുകളോളം ഒളിച്ച് കഴിയുകയായിരുന്നു. ഇയാൾക്ക് വേണ്ടി പകൽ മുഴുവൻ തെരഞ്ഞ ശേഷം രാത്രിയായതോടെ സേന തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. സേന മടങ്ങിയ ശേഷമാണ് ഇയാൾ വീട്ടിലേക്ക് മടങ്ങി എത്തിയത്. ഇതോടെ ഇയാളുടെ മകൻ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം