കലക്ടർക്ക് വരെ 'ഉത്തരവ്', ​ഗുജറാത്തിൽ 5 വർഷം വ്യാജ കോടതി പ്രവർത്തിച്ചത് ഇങ്ങനെ, അതും പൊലീസിന്റെ കൺമുന്നിൽ

By Web Team  |  First Published Oct 23, 2024, 10:12 AM IST

ഗാന്ധിനഗറിലാണ് ഇയാള്‍ കോടതി സ്ഥാപിച്ച് അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചത്. നിരവധിപ്പേരെയാണ് ഇയാള്‍ കബളിപ്പിച്ചത്. 


അഹമ്മദാബാദ്: വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ചതിൽ ഞെട്ടി ​ഗുജറാത്ത്. ഏറെ വിവാദമായ വ്യാജ ടോൾ പ്ലാസ സംഭവത്തിന് പിന്നാലെയാണ് ​ഗുജറാത്തിൽ അഞ്ച് വർഷം വ്യാജ കോടതി പ്രവർത്തിച്ചത്. അഹമ്മദാബാദിൽ അധികൃതരുടെ മൂക്കിൻ തുമ്പിലാണ് വ്യാജ കോടതി നടത്തി നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരും അറസ്‌റ്റിലായത്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്‌.

ഭൂമിത്തര്‍ക്ക കേസുകളിൽ കോടതി നിയോ​ഗിച്ച മധ്യസ്ഥനെന്ന് പറഞ്ഞാണ് ഇയാൾ ആർബിട്രറി കോടതി സ്ഥാപിച്ച് ജീവനക്കാരെ നിയമിച്ച് കേസുകളിൽ തീർപ്പ് കൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സർക്കാർ ഉന്നത ഉദ്യോ​ഗസ്ഥരുടെയടക്കം കേസുകൾ ഇയാൾ കൈകാര്യം ചെയ്തിരുന്നതായാണ് വിവരം. യഥാർഥ കോടതിയുടേതിന്‌ സമാനമായ ഓഫീസും ഗുമസ്‌തൻമാരും പരിചാരകരുമെല്ലാം ഗാന്ധിനഗറിലെ വ്യാജ കോടതിയിൽ ഉണ്ടായിരുന്നു. കേസുകള്‍ അനുകൂലമായി തീര്‍പ്പാക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. കേസുകള്‍ അനുകൂലമായി പരിഹരിച്ചതായി കാണിച്ച്‌ വ്യാജ ഉത്തരവ് നൽകിയാണ് തട്ടിപ്പ് നൽകിയത്.

Latest Videos

undefined

ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇയാൾ പുറപ്പെടുവിച്ചിരുന്നു. വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ‘ജഡ്‌ജി’യെയും ‘ഗുമസ്‌തൻ’മാരെയും അറസ്‌റ്റ്‌ ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി. 

Read More... 50 പൈസ തിരികെ കൊടുത്തില്ല, പൈസ റൗണ്ടാക്കിയെന്ന് മറുപടി, പോസ്റ്റ് ഓഫിസിന് 2999900% ഇരട്ടി പിഴ!

അഹമ്മദാബാദിലെ സിവിൽ കോടതി രജിസ്ട്രാർ ഹാർദിക് ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 170 419 എന്നിവ പ്രകാരമാണ് നടപടി. പാൽഡി പ്രദേശത്തെ സർക്കാർ ഭൂമിയിൽ അവകാശം ഉന്നയിച്ച് ബാബുജി താക്കൂർ എന്നയാൾ സമർപ്പിച്ച സിവിൽ അപേക്ഷയുടെ വിചാരണയ്ക്കിടെയാണ് തട്ടിപ്പ് പുറത്തായതെന്നും പൊലീസ് പറഞ്ഞു. ഈ മാസം ആദ്യം, ഛത്തീസ്ഗഢിൻ്റെ തലസ്ഥാന നഗരമായ റായ്പൂരിൽ ശക്തി ജില്ലയിലെ ഛപ്പോരയിൽ എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് സ്ഥാപിച്ച് തട്ടിപ്പ് നടത്തിയിരുന്നു.  

Asianet News Live

click me!