മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് ഇരുമുന്നണികളും കടന്നു
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തിനുള്ളിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ഇരു മുന്നണികളും വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി കൈവരിച്ച സംസ്ഥാന വ്യാപക മുന്നേറ്റം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് മഹാരാഷ്ട്രയിലെ എഐസിസി നിരീക്ഷകൻ രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്നും മഹായുതി വീണ്ടും അധികാരത്തിലെത്തുമെന്നുമായിരുന്നു സംസ്ഥാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വി.മുരളീധരന്‍റെ പ്രതികരണം.
ശിവസേനയും എൻസിപിയും പിളര്‍ന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. മഹാവികാസ് അഘാഡി, മഹായുതി എന്നീ രണ്ട് സഖ്യങ്ങള്‍ ഉണ്ടായ ശേഷമുള്ള ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പുമാണ്. ആദ്യ രണ്ടര വര്‍ഷം ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാവികാസ് അഗാഡിയുടെ ഉദ്ധവ് താക്കറെ സര്‍ക്കാറായിരുന്നു അധികാരത്തില്‍. പിന്നിട് ശിവസേനയും എൻസിപിയും പിളർന്ന് മഹായുതി സഖ്യമുണ്ടാക്കി ഏക് നാഥ് ഷിന്‍ഡെ അധികാരത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിക്കായിരുന്നു മുന്‍തൂക്കം.
രണ്ടു മുന്നണികളും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കാനാണ് സാധ്യത. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തി കാട്ടേണ്ടെന്നാണ് ഇരു മുന്നണികളുടെയും തീരുമാനം. ആരെയെങ്കിലും നിര്‍ദ്ദേശിച്ചാല്‍ വലിയ തര്‍ക്കം രണ്ടിടത്തും ഉണ്ടാകാനുള്ള സാധ്യതയാണ് കാരണം.