മഹാ കുംഭമേളയിൽ ഇത്തവണ 45 കോടി ആളുകൾ പങ്കെടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ലഖ്നൗ: മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവരെ നിരീക്ഷിക്കാൻ എഐ ക്യാമറകൾ സജ്ജീകരിക്കാൻ യുപി സർക്കാർ. കുംഭമേളയ്ക്ക് എത്തിയവരിൽ ആരെയെങ്കിലും കാണാതായാൽ അവരെ കണ്ടെത്തുന്നതിന് എഐ ക്യാമറകളുടെയും ഒപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, എക്സ് എന്നിവയുടെയും സേവനം ഉറപ്പാക്കും. മഹാ കുംഭമേള 24 മണിക്കൂറും നിരീക്ഷിക്കാൻ 328 എഐ ക്യാമറകളാണ് സജ്ജീകരിക്കുന്നത്. നാല് പ്രധാന സ്ഥലങ്ങളിൽ നടത്തിയ എഐ ക്യാമറകളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ 1 മുതൽ ഇവ പ്രവർത്തന സജ്ജമാകും.
കൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞ വ്യക്തികളെ വേഗത്തിൽ കണ്ടെത്തി ഉറ്റവരുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനായുള്ള ഡിജിറ്റൽ ‘ഖോയ പായ കേന്ദ്രം’ ഡിസംബർ 1 മുതൽ സജീവമാകും. കാണാതായ ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഉടൻ തന്നെ ഇവിടെ ഡിജിറ്റലായി രജിസ്റ്റർ ചെയ്യും. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, എഐ ക്യാമറകൾ ആ വ്യക്തിയെ തിരയാൻ തുടങ്ങും. കൂടാതെ, കാണാതായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്ക്, എക്സ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടും. ഇത് അവരെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കാണാതായ വ്യക്തികളെ തിരിച്ചറിയാൻ ഫേസ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിക്കും. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുംഭമേളയിൽ പങ്കെടുക്കുന്നവരുടെ ചിത്രങ്ങൾ പകർത്തുകയും കാണാതായ വ്യക്തിയെ കണ്ടെത്തുകയും ചെയ്യും.
undefined
കാണാതായ വ്യക്തികളെ കണ്ടെത്തിയാൽ അവരെ സുരക്ഷിതമായ കേന്ദ്രത്തിലേയ്ക്ക് മാറ്റും. ബന്ധം വ്യക്തമാക്കുന്ന തെളിവുകളില്ലാതെ ഇത്തരത്തിൽ കാണാതായവരെ ആർക്കും സുരക്ഷിത കേന്ദ്രത്തിൽ നിന്ന് കൊണ്ടുപോകാൻ കഴിയില്ല. കുംഭമേളയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിന് സുരക്ഷിതവും കാര്യക്ഷമവുമായ ഒരു മാർഗം പ്രദാനം ചെയ്യുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. മഹാ കുംഭമേളയിൽ ഇത്തവണ 45 കോടി ആളുകൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.