സംക്രാന്തി ദിനത്തിലെ പുണ്യസ്നാനം മഹാ കുംഭമേളയിലെ ഏറെ സവിശേഷമായ ചടങ്ങായാണ് കണക്കാക്കപ്പെടുന്നത്.
പ്രയാഗ് രാജ്: മഹാ കുംഭമേളയുടെ രണ്ടാം ദിനത്തിലെ അമൃത സ്നാനത്തിൽ ശ്രദ്ധേയമായി നാഗ സന്യാസിമാരുടെ സാന്നിധ്യം. ത്രിവേണി സംഗമത്തിന് സമീപം നാഗ സന്യാസിമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അച്ചടക്കവും പരമ്പരാഗത ആയുധങ്ങളുടെ വൈദഗ്ധ്യവും കൊണ്ട് നാഗ സന്യാസിമാർ തീർത്ഥാടകരെ വിസ്മയിപ്പിച്ചു. ആയുധ പ്രകടനം കാഴ്ചവെച്ചും ഡമരു വായിച്ചും നാഗ സന്യാസിമാർ ശ്രദ്ധയാകർഷിച്ചു.
സനാതന ധർമ്മത്തിലെ 13 അഖാരകളും ആദ്യ അമൃത സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ പുണ്യസ്നാനം ഏറെ സവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. അമൃത സ്നാനത്തിന് എത്തിയ അഖാരകൾ കുതിരപ്പുറത്തും കാൽനടയായും ശോഭാ യാത്ര നടത്തി. മുടിയിൽ പൂക്കളും കഴുത്തിൽ മാലകളും അണിഞ്ഞ് ത്രിശൂലം ഉയർത്തിപ്പിടിച്ച് നാഗ സന്യാസിമാർ എത്തുന്ന കാഴ്ച മഹാ കുംഭമേളയുടെ മാറ്റ് കൂട്ടി. നാഗ സന്യാസിമാരുടെ സാന്നിധ്യം മാധ്യമങ്ങളും സാധാരണ ഭക്തരും ക്യാമറകളിൽ പകർത്തി. വാദ്യമാളങ്ങളുടെ താളത്തിനൊത്ത് അവർ നൃത്തം ചെയ്യുകയും അവരുടെ പരമ്പരാഗത ആചാരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് ത്രിവേണി സംഗമത്തിലെ പുണ്യ സ്നാനത്തിൽ നാഗ സന്യാസിമാർ പങ്കാളികളായി. പുരുഷ നാഗ സന്യാസിമാർക്ക് പുറമെ സ്ത്രീ നാഗ സന്യാസിമാരും അമൃത സ്നാനത്തിനെത്തിയിരുന്നു.
അതേസമയം, മഹാ കുംഭമേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് രണ്ടാം ദിവസവും തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ മാത്രം ഒരു കോടിയോളം പേർ സ്നാനത്തിൽ പങ്കെടുത്തെന്നാണ് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചത്. മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനത്തിൽ പങ്കെടുക്കാൻ വിവിധ സന്ന്യാസി സംഘങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മഹാ കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണ് അമൃത സ്നാനം. ആദ്യ ദിനമായ ഇന്നലെ മാത്രം ഒന്നര കോടിയോളം പേരാണ് സ്നാനത്തിൽ പങ്കെടുത്തത്.