പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ്റെ സംഗീത വിരുന്ന് ഉൾപ്പെടെ നിരവധി പരിപാടികളാണ് വിവിധ വേദികളിലായി അരങ്ങേറുക.
പ്രയാഗ്രാജ്: സാംസ്കാരിക ഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി മഹാ കുംഭമേള. "സംസ്‌കൃതി കാ മഹാകുംഭ്" എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പ്രശസ്ത കലാകാരൻമാരുടെ പ്രകടനങ്ങൾ അരങ്ങേറും. പ്രധാന വേദിയായ ഗംഗാ പന്തലിൽ ഉദ്ഘാടന ദിവസം പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ്റെ സംഗീത വിരുന്നാണ് പ്രധാന ആകർഷണം. ജനുവരി 16ന് ഗംഗ, യമുന, സരസ്വതി പന്തലുകളിൽ സാംസ്കാരിക പരിപാടികൾ ആരംഭിക്കും.
കാശിയുടെ ക്ലാസിക്കൽ ഗായകനായ റിത്വിക് സന്യാലിൻ്റെ പ്രകടനം പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. കാശിയിലെ സംസ്‌കൃത സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ യമുനാ പന്തലിൽ മംഗളാചരണത്തിലൂടെ തങ്ങളുടെ ഭക്തി അർപ്പിക്കും. സരസ്വതി പന്തലിൽ പരമ്പരാഗത കലയായ നൗതങ്കി അരങ്ങേറും. പത്മശ്രീ രാംദയാൽ ശർമ്മയും അദ്ദേഹത്തിൻ്റെ 30 അംഗ സംഘവും ഭഗവാൻ കൃഷ്ണനും കുചേലനുമായുള്ള സൗഹൃദത്തിൻ്റെ കഥ അവതരിപ്പിക്കും.
ത്രിവേണി, യമുന, സരസ്വതി പന്തലുകൾക്ക് ഒരേ സമയം 2,000 പേരെ വീതം ഉൾക്കൊള്ളാൻ കഴിയും. ഈ വേദികളിൽ ഉത്തർപ്രദേശിലെയും രാജ്യത്തുടനീളവുമുള്ള പ്രശസ്തരായ കലാകാരന്മാരുടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ നടക്കും. സരസ്വതി പന്തലിൽ ശ്വേതാ ദുബെയുടെയും ശ്രുതി മാളവ്യയുടെയും ഭജനയ്ക്കൊപ്പം സൗരഭ് ബനോദയുടെ പുല്ലാങ്കുഴൽ അവതരണവും അരങ്ങേറും. 10,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗംഗാ പന്തലാണ് സാംസ്കാരിക പ്രകടനങ്ങളുടെ പ്രധാന വേദിയാകുക. സെക്ടർ-1 പരേഡ് ഗ്രൗണ്ടിലാണ് ഗംഗാ പന്തൽ ഒരുക്കിയിരിക്കുന്നത്.
READ MORE: ഹാ കുംഭമേള 2025: കുംഭമേളയും മഹാകുംഭമേളയും തമ്മിലെ വ്യത്യാസമെന്ത് ? ഐതിഹ്യം അറിയാം