സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഓടുന്നതിനിടെ ബോഗികൾ വിട്ടുപോയി, ട്രെയിനിനെ പിളർത്തി തകരാറ്, ആളപായമില്ല

By Web Team  |  First Published Sep 8, 2024, 3:37 PM IST

ന്യൂദില്ലി ഇസ്ലാംപൂർ മാഗ്ദാദ് സൂപ്പർ ഫാസ്റ്റ് എക്സപ്രസിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വിട്ട് പോയത്. ട്രെയിനിനെ രണ്ടായി പിളർത്തിയാണ് അപകടമുണ്ടായത്.


പട്ന: ബീഹാറിൽ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വിട്ടുപോയി. ദില്ലിയിൽ നിന്ന് ഇസ്ലാംപൂരിലേക്ക് പുറപ്പെട്ട മഗ്ദാദ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ബീഹാറിലെ ബക്സർ ജില്ലയിൽ വച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച 11 മണിയോടെയാണ് സംഭവമുണ്ടായത്. ട്രെയിൻ രണ്ടായി പിരിഞ്ഞ് പോയെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേൽക്കുയോ മറ്റ് രീതിയിലുള്ള അപകടമോ ഉണ്ടായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരമൊരു സംഭവം നടന്നതായി റെയിൽവേ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ന്യൂദില്ലി ഇസ്ലാംപൂർ മാഗ്ദാദ് സൂപ്പർ ഫാസ്റ്റ് എക്സപ്രസിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വിട്ട് പോയത്. ട്രെയിനിനെ രണ്ടായി പിളർത്തിയാണ് അപകടമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാതാണ് ആശ്വാസകരമായ വസ്തുത. തുരിഗഞ്ചിനും രഘുനാഥപൂരിനും ഇടയിൽ വച്ചാണ് അപകടമുണ്ടായത്. 20802 എന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Videos

undefined

നേരത്തെ ജൂലൈ മാസത്തിൽ ചണ്ഡിഗഡ് ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എട്ട് ബോഗികളാണ് അന്ന് പാളം തെറ്റിയത്. മറ്റൊരു സംഭവത്തിൽ ഇന്നലെ തമിഴ്നാട്ടിൽ പാസഞ്ചർ ട്രെയിനിന്റെ അവസാന കോച്ചിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നിരുന്നു. തക്ക സമയത്ത് ഗാർഡ് ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. ട്രിച്ചി കാരയ്ക്കൽ ട്രെയിനിൽ തിരുവെരുമ്പൂർ എത്തിയപ്പോഴായിരുന്നു പിന്നിലെ കോച്ചിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഡിവിഷണൽ റെയിൽവേ മാനേജർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുകയുടെ കാരണം കണ്ടെത്താനായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!