ബിഹാറിൽ ആംബുലൻസുകളിലും ട്രക്കുകളിലും മദ്യം കടത്തുന്നത് പതിവാണെന്നും പെട്രോൾ ടാങ്കുകൾക്കുള്ളിൽ മദ്യക്കുപ്പികൾ സൂക്ഷിക്കാൻ കള്ളക്കടത്തുകാർ പ്രത്യേക അറകൾ നിർമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
പട്ന: മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിൽ വൻതോതിൽ മദ്യം പിടികൂടി. എണ്ണ ടാങ്കറിലാണ് മദ്യം കടത്തിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കറിൽ ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തിയെന്ന് എക്സൈസ് അറിയിച്ചു. മദ്യം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കള്ളക്കടത്തുകാരെ മുസാഫർപൂരിൽ നിന്ന് പിടികൂടി. നാഗാലാൻ്റ് രജിസ്‌ട്രേഷനുള്ള ടാങ്കറിലാണ് മദ്യം കടത്തിയത്. മദ്യവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന് സൂചന ലഭിച്ചിരുന്നുവെന്നും തുടർന്നാണ് കള്ളക്കടത്തുകാരെ പിടികൂടാൻ സംഘം രൂപീകരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധന സംഘത്തെ കണ്ടതോടെ ഡ്രൈവറും മദ്യവ്യാപാരിയും ടാങ്കർ ദേശീയപാതയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ വിജയ് ശേഖർ ദുബെ പറഞ്ഞു. അരുണാചൽ പ്രദേശിൽ നിർമിച്ച മദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ വ്യാപാരിയെ തിരിച്ചറിഞ്ഞു വരികയാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് തുടരുകയാണെന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബിഹാറിൽ ആംബുലൻസുകളിലും ട്രക്കുകളിലും മദ്യം കടത്തുന്നത് പതിവാണെന്നും പെട്രോൾ ടാങ്കുകൾക്കുള്ളിൽ മദ്യക്കുപ്പികൾ സൂക്ഷിക്കാൻ കള്ളക്കടത്തുകാർ പ്രത്യേക അറകൾ നിർമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.