നാളെ രാജ്യവ്യാപകമായി സമരം ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ (എഫ്ഒആർഡിഎ) അറിയിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണും. നാളെ രാജ്യവ്യാപകമായി സമരം ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ (എഫ്ഒആർഡിഎ) അറിയിച്ചു. 24 മണിക്കൂറിൽ ആവശ്യപ്പെട്ട കാര്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ആശുപത്രി ഭരണ സമിതിയിൽ വൻ സ്വാധീനം പ്രതിക്കുണ്ടായിരുന്നു എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെ പ്രതിനിധികൾ ആരോഗ്യ മന്ത്രി ജെപി നഡ്ഡയേയും മറ്റ് കേന്ദ്ര മന്ത്രിമാരേയും കാണും.
undefined
കൊൽക്കത്തയിലെ ഡോക്ടർമാർക്ക് പിന്തുണയുമായി ദില്ലി ആർ എം എൽ ആശുപത്രിയിലെയും എയിംസിലേയും റസിഡന്‍റ് ഡോക്ടർമാരും പ്രതിഷേധിച്ചു. ഉടൻ നടപടി വന്നില്ലെങ്കിൽ രാജ്യവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപിയും ഇടതു പാർട്ടികളും ബംഗാളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് ഉറപ്പു നല്കി പ്രതിഷേധം തണുപ്പിക്കാനാണ് മമത ബാനർജി ശ്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം