ദില്ലിയിൽ സമരം ചെയ്യുന്ന ഡോക്ടർമാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു മുന്നിൽ സമാന്തര ആശുപത്രി സ്ഥാപിച്ച് ചികിത്സയാരംഭിച്ചു
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ കൊല്ലപ്പെട്ട യുവഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 14 ഇടത്ത് മുറിവുകളുണ്ട്. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി. തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്. ലൈംഗിക പീഡനത്തിനിരയായെന്നും റിപ്പോർട്ടിലുണ്ട്. രക്തവും ശരീര സ്രവങ്ങളും കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 9നാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പിജി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയാണ് ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സിവിൽ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. എന്നാൽ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടർമാരും പരാതി ഉന്നയിച്ചു. കേസിൽ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സർക്കാരിനെയും നിശിതമായി വിമർശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിട്ടു.
undefined
സംഭവം വിവാദമായതിന് പിന്നാലെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. മകൾക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവിൽ നടക്കുന്ന പോരാട്ടങ്ങളിൽ പ്രതീക്ഷയുണ്ട്. ആശുപത്രിക്കുള്ളിൽ കുറ്റവാളികളുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ദില്ലിയിൽ സമരം ചെയ്യുന്ന ഡോക്ടർമാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു മുന്നിൽ സമാന്തര ആശുപത്രി സ്ഥാപിച്ച് ചികിത്സയാരംഭിച്ചു. ദില്ലി ജന്ദർ മന്ദറിൽ അടക്കം ഒത്തുചേർന്നത് നൂറോളം ഡോക്ടർമാരാണ്. മെഴുകു തിരികൾ കത്തിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും നീതിക്കായുള്ള മുറവിളികൾ ജന്ദർ മന്ദറിൽ രാത്രി വൈകിയും ഉയർന്നു കേട്ടു. കൊല്ലപ്പെട്ട സുഹൃത്തിന്‍റെ ചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർത്ഥന ചൊല്ലിയും ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം