ഇവരില്‍ രണ്ടുപേര്‍ തിരുവസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ദില്ലി: ഉത്തർപ്രദേശിൽ മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെടണമെന്ന് കെ സി ബിസി ആവശ്യപ്പെട്ടു. ട്രെയിൻ യാത്രയ്ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ച ഝാൻസിയിൽ വച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്.
തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകൾക്ക് നേരെയാണ് അതിക്രമം നടന്നത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കയ്യേറ്റ ശ്രമം നടന്നതെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. ട്രെയിനിൽ കൂടെ യാത്ര ചെയ്യുകയായിരുന്ന ഒരു സംഘം ബജ്റംഗദള്‍ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കന്യാസ്ത്രീകള്‍ ആരോപിക്കുന്നു.
തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടിട്ടും പൊലീസ് നിര്‍ബന്ധിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും മതംമാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീകള്‍ പറയുന്നു.പിന്നീട് സഭ ഇടപെട്ട് അഭിഭാഷകരെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് കന്യാസ്ത്രീകളെ പോകാന്‍ അനുവദിച്ചത്. കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകൾ രംഗത്തെത്തിയിട്ടുണ്ട്.