ധൻവാറിൽ സിപിഐ എം എല്ലും ജാർഖണ്ഡ് മുക്തി മോർച്ചയും തമ്മിൽ തെറ്റി
ദില്ലി: ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടക്കുന്ന ധൻവാറില്‍ പ്രചാരണച്ചൂട് കനത്തു. സീറ്റ് നിലനിർത്താൻ ബിജെപി നേതാവ് ബാബുലാല്‍ മാറാണ്ടി മത്സരിക്കുമ്പോൾ ഇന്ത്യ സഖ്യത്തിലെ കക്ഷികളായ ജെ എം എമ്മും സിപിഐ എം എല്ലും മണ്ഡലത്തിൽ പരസ്പരം പോരാടിക്കുകയാണ്. സ്വന്തം പാർട്ടി ഉണ്ടാക്കി കഴിഞ്ഞ തവണ ഇരുപതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബാബുലാൽ മറാണ്ടി ധൻവാറിൽ ജയിച്ചു കയറിയത്.
ബിജെപിയെയും സിപിഐ എംഎല്ലിനെയും രണ്ടും മൂന്നും സ്ഥാനങ്ങളിലാക്കി മാറാണ്ടി കരുത്ത് കാട്ടി. എന്നാൽ പിന്നീട് മാറാണ്ടി ബിജെപി ക്യാമ്പിലേക്ക് ചേക്കേറി. ഇത്തവണയും തന്‍റെ സിറ്റിങ് സീറ്റിൽ കരുത്ത് കാട്ടാനാണ് മാറാണ്ടിയുടെ ശ്രമം. ആദിവാസി വോട്ടുകൾ നിർണായകമാകുന്ന മണ്ഡലത്തിൽ താൻ ജയിച്ചു കയറുമെന്ന പ്രതീക്ഷ തന്നെയാണ് മാറാണ്ടിക്കുള്ളത്. ഒപ്പം ജനങ്ങൾ താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്നും പാർട്ടിയുടേതാണ് അന്തിമ തീരുമാനം എന്നും മാറാണ്ടി പറയുന്നു.
undefined
80 സീറ്റുകളിൽ കോൺഗ്രസ്, ആർജെഡി, സിപിഐഎംഎൽ എന്നിവയുമായി സഖ്യത്തിൽ എത്താൻ ജെ എം എമ്മിനായി. എന്നാൽ ധൻവാറിൽ സിപിഐ എം എല്ലും ജാർഖണ്ഡ് മുക്തി മോർച്ചയും തമ്മിൽ തെറ്റി. 2014ൽ ബാബുലാൽ മാറാണ്ടിയെ അട്ടിമറിച്ച് ജയം നേടിയ രാജ്കുമാർ യാദവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം ഇടതു പാർട്ടികൾ ഉന്നയിച്ചു. എന്നാൽ ഹേമന്ത് സോറന്‍റെ വിശ്വസ്തനും പാർട്ടിയുടെ ന്യൂനപക്ഷ മുഖം കൂടിയായ നിസാമുദ്ദീൻ അൻസാരിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ജെ എം എം ആവശ്യപ്പെട്ടു.
ഇതോടെ ഇരു പാർട്ടികളും മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 2009ൽ ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ച കയറിയ വ്യക്തിയാണ് നിസാമുദ്ദീൻ അൻസാരി. മൂന്നു മണ്ഡലങ്ങളിൽ സഖ്യമെങ്കിലും ധൻവാർ എന്ന ശക്തി കേന്ദ്രം വിട്ടുകളയാൻ ആകില്ലെന്നാണ് സിപിഐ എം എല്ലിന്‍റെ നിലപാട്. അതിനാൽ സൗഹൃദ മത്സരത്തിലാണ് ഇരു പാർട്ടികളും. മണ്ഡലത്തിലെ എംഎൽഎമാരായിരുന്ന മൂന്നുപേർ തമ്മിലുള്ള മത്സരം എന്ന പ്രത്യേകത കൂടി ഇക്കുറി ധൻവാറിനുണ്ട്.