ആദ്യം ചെന്നായകൾ പിന്നാലെ കുറുനരികൾ, ആക്രമണം പതിവ്, തിരിച്ചാക്രമിച്ച് ജനം, യുപിയിൽ കുറുനരിയെ തല്ലിക്കൊന്നു

By Web Team  |  First Published Sep 10, 2024, 8:10 AM IST

ഗ്രാമവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമായതിന് പിന്നാലെ കുറുനരിയെ നാട്ടുകാർ തല്ലിക്കൊന്നതായാണ് സംശയിക്കുന്നത്. കുറുനരിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു


പിലിഭിത്ത്: ഉത്തർ പ്രദേശിലെ പിലിഭിത്തിനെ ഭീതിയിലാക്കിയ കുറുനരിയെ ഒടുവിൽ ചത്ത നിലയിൽ കണ്ടെത്തി. കുട്ടികൾ അടക്കം ആറ് പേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കുറുനരിയേയാണ് പിലിഭിത്തിലെ അമാരിയയിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ആക്രമണം നിമിത്തം ഗ്രാമവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമായതിന് പിന്നാലെ കുറുനരിയെ നാട്ടുകാർ തല്ലിക്കൊന്നതായാണ് സംശയിക്കുന്നത്. കുറുനരിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയാണ് ആറ് പേരെ കുറുനരി ആക്രമിച്ചത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മറ്റ് വനൃമൃഗ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതാണ് ഇതേ കുറുനരിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമത്തെ ഭീതിയിലാക്കിയതെന്ന സംശയം ഉയരാൻ കാരണമായിട്ടുള്ളത്. മരണകാരണം കണ്ടെത്താൻ കുറുനരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അയച്ചിരിക്കുകയാണ്. 

പിലിഭിത്തിലും സമീപ ഗ്രാമത്തിലുമായി അടുത്തിടെ നടന്ന കുറുനരി ആക്രമണത്തിൽ 5 കുട്ടികൾ അടക്കം 12 പേരാണ് ആക്രമിക്കപ്പെട്ടത്. സുസ്വാർ, പാൻസോലി ഗ്രാമത്തിലായിരുന്നു കുറുനരി നാട്ടുകാരെ ഓടിച്ചിട്ട് ആക്രമിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് കുറുനരി ആക്രമണത്തിൽ പരിക്കേറ്റത്. കുറുനരി കുട്ടികളെ ആക്രമിക്കുന്നത് കണ്ട് ഇതിനെ തുരത്താൻ എത്തിയവരേയും കുറുനരി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ജഹാനാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് പ്രവേശിച്ചത്.

Latest Videos

undefined

ആറിലധികം കുറുനരികളുടെ കൂട്ടമാണ് ആക്രമണം നടത്തിയത്. പിലിഭിത്തിന് സമീപ ജില്ലയായ ബഹാറൈച്ചിൽ 10 പേർ ചെന്നായ ആക്രമണത്തിൽ  കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുറുനരി ആക്രമണം ഉണ്ടായത്. രണ്ട് ചെന്നായ ആക്രമണങ്ങളിലായി 36 പേരാണ് ഇവിടെ പരിക്കേറ്റത്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും മഴയുമാണ് കുറുനരികളെ ഇത്തരത്തിൽ ജനവാസ മേഖലകളിലേക്ക് എത്തിക്കുന്നതിന് പിന്നിലെന്നാണ് വനംവകുപ്പ് ജീവനക്കാർ വിശദമാക്കുന്നത്. മഴയിലും പ്രളയത്തിലും കുറുനരികളുടെ ഒളിയിടം മുങ്ങിപ്പോയതും മറ്റുമാകാം ഇവയെ ഗ്രാമങ്ങളിലേക്ക് എത്തിച്ചതിന് പിന്നിലെന്നാണ് വനംവകുപ്പ് ജീവനക്കാർ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!