140 കി.മി വേഗത്തിൽ കാറോടിച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് സോഷ്യൽ മീഡിയ താരം; ഒരു പ്രശ്നവുമില്ലെന്ന് കമന്റ്

By Web Team  |  First Published Aug 30, 2024, 5:44 PM IST

ഇതൊരു വലിയ കാര്യമല്ലെന്നും സ്ഥിരം നടക്കുന്നതാണെന്നും വാഹനം ഓടിക്കുന്നയാൾ വാഹനത്തിലുള്ള മറ്റുള്ളവരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.


തിരക്കേറിയ റോഡിലൂടെ 140 കിലോമീറ്ററിലധികം വേഗത്തിൽ കാറോടിച്ച സോഷ്യൽ മീഡിയ താരം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. അപകടം സംഭവിച്ചിട്ടും തെല്ലും പരിഭവമില്ലാതെ ഇതൊന്നും വലിയ കാര്യമല്ലെന്ന് പറഞ്ഞ് വാഹനം നിർത്തുക പോലും ചെയ്യാതെ യാത്ര തുടരുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.

ഹരിയാനയിലാണ് സംഭവം. ദീപിക നാരായൺ ഭരദ്വാജ് എന്ന ഒരു ആക്ടിവിസ്റ്റാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രജത് ദലാൽ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് വാഹനം ഓടിക്കുന്നതെന്ന് ദീപിക പറയുന്നു. 140 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്നതും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ വേഗത കുറയ്ക്കാൻ തയ്യാറാവാതെ തിരക്കേറിയ റോഡിൽ മറ്റ് വാഹനങ്ങൾക്കിടയിലൂടെ അപകടകരമായ വിധത്തിൽ മുന്നോട്ട് നീങ്ങുന്നു. ഒടുവിലാണ് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുന്നത്.

Latest Videos

undefined

എന്നാൽ അപകടം സംഭവിച്ചതിന് ശേഷവും ഇയാൾ വാഹനം നിർത്താനോ വേഗത കുറയ്ക്കാനോ തയ്യാറാവുന്നില്ല. "അയാൾ വീണാലും പ്രശ്നമൊന്നുമില്ലെന്നും, ഇത് സ്ഥിരം സംഭവിക്കുന്നതാണെന്നും" ഇയാൾ സഹയാത്രക്കാരോട് പറയുന്നുണ്ട്. വാഹനത്തിന്റെ പിന്നിലെ സീറ്റിലിരിക്കുന്ന യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചത്. പത്ത് ലക്ഷത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടു കഴി‌ഞ്ഞത്. വീഡിയോ ശ്രദ്ധയിൽപെട്ട ഫരീദാബാദ് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നടപടി തുടങ്ങിയതായും സോഷ്യൽ മീഡിയയിലൂടെ തന്നെ അറിയിച്ചു. കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.

അതേസമയം വാഹനം ഓടിച്ച സോഷ്യൽ മീഡിയ താരത്തിനെതിരെ വ്യാപക വിമർശനമാണ് സൈബർ ലോകത്ത് നിന്നുണ്ടായത്. ഇയാൾക്കെതിരെ അധികൃതർ എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നിരവധിപ്പേർ ആവശ്യപ്പെട്ടു. ജീവിത കാലത്തൊരിക്കലും ഇനി വാഹനം ഓടിക്കാത്ത തരത്തിൽ ഇയാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും മറ്റ് നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്ന ആവശ്യവുമുണ്ട്. ഇതൊക്കെ സ്ഥിരമായി സംഭവിക്കുന്നതാണെന്ന് പറയുന്ന ഇയാൾ, വാഹനം ഇടിച്ച് ആളുകളെ കൊല്ലുന്നത് സ്ഥിരം നടക്കുന്ന കാര്യമാണെന്നാണോ പറയുന്നതെന്നും ഒരാൾ കമന്റ് ചെയ്തു. എൻഎച്ച്പിസി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!