രാജ്യം രണ്ടരമണിക്കൂർ ഉറ്റുനോക്കിയത് തിരുച്ചിറപ്പള്ളിയുടെ ആകാശത്തിലേക്കായിരുന്നു. 141 ജീവനുകളുമായി ഒരുവിമാനം വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. ഒടുവിൽ എല്ലാ ആശങ്കകളെയും തട്ടിയകറ്റി വിമാനം താഴെയിറക്കി.
ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ 141 യാത്രക്കാരുമായി ലാൻഡ് ചെയ്ത പൈലറ്റിനും കോ പൈലറ്റിനും അഭിനന്ദന പ്രവാഹം. പൈലറ്റ് ഇക്വോം റിഫാഡ്ലി ഫാമി സൈനാലിനും കോ പൈലറ്റ് മൈത്രി ശ്രീകൃഷ്ണ ഷിതോളുമാണ് ആത്മധൈര്യത്തിന്റെ നേർരൂപമായി വിമാനം താഴെയിറക്കിയത്.
എയര്‍ ഇന്ത്യാ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത പൈലറ്റുമാർക്ക് കൈയടിക്കുകയാണ് ഇപ്പോള്‍ അധികൃതരും സോഷ്യല്‍ മീഡിയയും. ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് വിമാനത്തെ വരവേറ്റത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു.
undefined
എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. നിറയെ ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും ചക്രങ്ങൾ കൃത്യമായി യഥാസ്ഥാനത്ത് അല്ലാത്തതിനാൽ യാത്ര തുടരാനും സാധിക്കാത്ത അവസ്ഥയായിരുന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിലുള്ളത്. ഇതിനിടെ വാർത്ത പുറംലോകമറിഞ്ഞു. വിമാനത്തിലെ ഇന്ധം കത്തിതീർക്കുക എന്നതായിരുന്നു മുന്നിലുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ഇതിനായി ആകാശത്ത് രണ്ട് മണിക്കൂറോളം വട്ടമിട്ട് പറന്നു. തുടർന്നായിരുന്നു എമർജെൻസി ലാൻഡിങ്. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു.
അതേസമയം സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി മുന്‍കരുതലെന്നോണം നിയുക്ത പ്രദേശത്ത് വിമാനം ഒന്നിലധികം തവണ വട്ടമിടുകയായിരുന്നു. സാങ്കേതിക തകരാര്‍ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കും. അസൗകര്യമുണ്ടായ യാത്രക്കാര്‍ക്ക് യാത്ര തുടരുന്നതിനായുള്ള സൗകര്യം ഒരുക്കുമെന്നും എയർ ഇന്തയ വാര്‍ത്താ കുറിപ്പില്‍ വിശദമാക്കുന്നത്.