മുംബൈയിൽ നിന്ന് ഹെഡ് കോൺസ്റ്റബിളാണെന്ന് അവകാശപ്പെട്ടാണ് പ്രതി ഇയാളെ ഫോണിൽ വിളിച്ചത്.
ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 3 പേർ പൊലീസിന്റെ പിടിയിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈംസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ പത്രക്കുറിപ്പിൽ പറയുന്നു. തോട്ട ശ്രീനിവാസ റാവു (59), ലാം ജീവൻകുമാർ (38), തമ്മിഷെട്ടി രഘുവീർ (40) തുടങ്ങിയ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
വീരബോയ്‌ന സായ് രാജ് എന്നയാളെ കബളിപ്പിച്ച് 3,57,998 രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് ഹെഡ് കോൺസ്റ്റബിളാണെന്ന് അവകാശപ്പെട്ടാണ് പ്രതി ഇയാളെ ഫോണിൽ വിളിച്ചത്. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർന്ന് പണം പ്രതിയുടെ അക്കൗണ്ടിലേക്കിടാൻ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
കേസ് വെരിഫിക്കേഷനായാണ് പണം ആവശ്യപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ തുക അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുമെന്നും തട്ടിപ്പുകാർ ശ്രീ രാജിന് ഉറപ്പ് നൽകി. ഇത് വിശ്വസിച്ച് വീരബോയ്‌ന സായ് രാജ് 3,57,998 രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എന്നാൽ പണം തിരികെക്കിട്ടാതിരുന്നപ്പോഴാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് മനസിലായത്.
ഇവർ വിവിധ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വേഷമുൾപ്പെടെ വിവിധ സർക്കാർ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി നിരവധി തട്ടിപ്പ് കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ ഇവർക്കെതിരെ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരവധി മൊബൈൽ ഫോണുകൾ, ചെക്ക് ബുക്കുകൾ, ബാങ്ക് പാസ്ബുക്കുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, രസീത് ബുക്കുകൾ എന്നിവയുൾപ്പെടെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...