ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി മ്യാൻമറിലെത്തിയ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്
നയ്പിഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. റെയില്‍വേ, വിമാന സര്‍വീസുകള്‍ ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ഇന്ത്യ, ചൈന, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സഹായമെത്തിയെങ്കിലും ഇത് എല്ലാ മേഖലകളിലേക്കും എത്തിക്കാനായിട്ടില്ല.
ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി മ്യാൻമറിലെത്തിയ ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. അവശ്യ സാധനങ്ങളുമായി നാല് കപ്പലുകൾ ഇന്ത്യ മ്യാൻമറിലേക്ക് അയച്ചിട്ടുണ്ട്. ദുരന്തമുണ്ടായ മേഖലയിൽ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന തുടങ്ങി. നാളെ താത്കാലിക ആശുപത്രി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. അവശ്യ സാധനങ്ങളുമായി കൂടുതൽ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിലും സഹായമെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും എട്ട് മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെയും ഉണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം