നിരത്തിൽ നിന്നും നിയന്ത്രണം വിട്ട് തെന്നി മാറിയ കാർ നടപ്പാതയിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നോയിഡ: നോയിഡയിൽ കെട്ടിട നിർമ്മാണ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ച ലംബോർഗിനിയുടെ ഉടമ പ്രമുഖ യുട്യൂബർ. ഞായറാഴ്ചയാണ് നോയിഡയിലെ സെക്ടർ 94ൽ രണ്ട് പേരെ ആഡംബര കാർ ഇടിച്ച് തെറിപ്പിച്ചത്. നോയിഡയിലെ സെക്ടർ 94ലെ സൂപ്പർനോവയിലെ താമസക്കാരനായ മൃദുൽ ശർമ്മ എന്ന പ്രമുഖ യുട്യൂബറുടേതാണ് ഈ കാർ എന്നാണ് പൊലീസ് വിശദമാക്കുന്നത്. 18.7 ദശലക്ഷം ആളുകൾ പിന്തുടരുന്ന യുട്യൂബറാണ് മൃദുൽ.
എന്നാൽ വ്ലോഗറല്ല കാർ ഓടിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. അജ്മീറിൽ നിന്നു കാർ വാങ്ങാനെത്തിയ ദീപക് കുമാറാണ് ലംബോർഗിനി ഓടിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. നിരത്തിൽ നിന്നും നിയന്ത്രണം വിട്ട് തെന്നി മാറിയ കാർ നടപ്പാതയിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാങ്ങുന്നതിന് മുൻപായി വാഹനത്തിന്റെ പ്രവർത്തന ക്ഷമത വിലയിരുത്താനായി എത്തിയതായിരുന്നു ദീപക് കുമാർ എന്നാണ് പൊലീസിനോട് ഇയാൾ വിശദമാക്കുന്നത്.
നടപ്പാതയിൽ ഇരുന്നവരുടെ കൈകൾക്കും കാലുകൾക്കുമാണ് പരിക്കേറ്റിട്ടുള്ളത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴ്യ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയവരുമായി ദീപക് തർക്കിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടകരമായ വാഹനം ഓടിച്ചതിനും മറ്റുള്ളവർക്ക് അപകടമുണ്ടാക്കിയതിനുമാണ് ഇയാളെ പൊലീസ് അറസ്റ്റഅ ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം