ഒക്ടോബർ 18 വരെ ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി കമ്പനികളോട് നിർദേശിച്ചു. തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ചെന്നൈ: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ഒക്‌ടോബർ 18 വരെ ഈ ജില്ലകളിലെ ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കമ്പനികളോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ പുലർച്ചെ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് നീങ്ങും. ഒക്ടോബർ 16 വരെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒക്‌ടോബർ 16 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
undefined
മഴക്കാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ ഇന്നലെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യോഗം വിളിച്ചു. വെള്ളക്കെട്ട് നേരിടാൻ 990 പമ്പുകളും പമ്പ് സെറ്റുകൾ ഘടിപ്പിച്ച 57 ട്രാക്ടറുകളും സജ്ജമാണെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ അറിയിച്ചു. 36 മോട്ടോർബോട്ടുകൾ, 46 മെട്രിക് ടൺ ബ്ലീച്ച് പൗഡർ തുടങ്ങിയവയും അടിയന്തര ഉപയോഗത്തിനായി തയ്യാറാക്കിയിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നാരായണപുരം തടാകക്കരയും അംബേദ്കർ റോഡ് കനാൽ പ്രദേശങ്ങളും സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി.
കേരളത്തിലും മൂന്ന് ദിവസത്തേക്ക് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം