സഞ്ചാരികളില്ലാതെ, വെളള പട്ടുടുത്ത താഴ്വരകളില്ലാതെ ഗുൽമാർഗിലൊരു ശൈത്യകാലം കടന്നു പോവുകയാണ്.
ശ്രീനഗർ: ജനുവരിയിൽ മഞ്ഞ് പുതച്ച് സഞ്ചാരികളെ കാത്തിരിക്കുന്ന ജമ്മുവിലെ ഗുൽമാർഗ് ഇത്തവണ ഊഷര ഭൂമിയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഗുൽമാർഗിനെ വരണ്ട ഭൂമിയാക്കിയതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മഞ്ഞ് മാറി നിന്നതോടെ സഞ്ചാരികളുടെ എണ്ണത്തിലും ഇത്തവണ വലിയ കുറവുണ്ട്.
ലോകത്ത് ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ്- ഗുൽമാർഗിലെ മഞ്ഞും ദാൽ തടാകത്തിന്റ സൌന്ദര്യവും ചേരുന്ന കശ്മീർ. ഉത്തരേന്ത്യ അതിശൈത്യത്തിലമരുമ്പോള്‍ കാശ്മീർ മഞ്ഞു പുതയ്ക്കും. ഗുൽമാർഗിലെ താഴ്‍വരയില്‍ സഞ്ചാരികളെത്തും. നോക്കെത്താദൂരത്തോളം മഞ്ഞ് പുതച്ച താഴ്‍വരയില്‍ സന്തോഷം പങ്കിടും. ഇത്തവണയും ഉത്തരേന്ത്യയിൽ അതിശൈത്യമെത്തി. ദില്ലിയും പഞ്ചാബുമെല്ലാം മൂടൽ മഞ്ഞിൽ മുങ്ങി. എന്നാൽ സഞ്ചാരികളില്ലാതെ, വെളള പട്ടുടുത്ത താഴ്വരകളില്ലാതെ ഗുൽമാർഗിലൊരു ശൈത്യകാലം കടന്നു പോവുകയാണ്. മെഡിറ്ററേനിയനിൽ നിന്നെത്തുന്ന കാറ്റ് പാമിറും കടന്ന് ഹിമാലയത്തിൽ തണുപ്പ് വീശും, ഡിസംബർ പകുതിയോടെയെത്തുന്ന ഗുൽമാർഗിലെ പുൽമേടുകളും മലനിരകളും മഞ്ഞു പുതയ്ക്കും. എന്നാല്‍ ഇത്തവണ ജനുവരി പകുതി കടന്നിട്ടും ഗുല്‍മാർഗില്‍ മഞ്ഞില്ല.
undefined
ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ നാലാം പതിപ്പിനായുളള കാത്തിരിപ്പും ഇതോടെ നീളുകയാണ്. ഗുൽമാർഗിലെ പ്രതികൂല കാലാവസ്ഥയാണ് ഗെയിംസിന് വിനയായത്. എൽ നിനോ പ്രതിഭാസം കശ്മീരിനെയും ബാധിച്ചുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഫെബ്രുവരിയിലെങ്കിലും മഞ്ഞ് പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനവും പ്രതീക്ഷയും.
കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം സഞ്ചാരികളെത്തിയ പാതകള്‍ പലതും ശൂന്യമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 60 ശതമാനത്തിലധികം കുറവാണ് സഞ്ചാരികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. അസാധാരണമെങ്കിലും ഏഴു വർഷം മുൻപും ഗുൽമാർഗ് മഞ്ഞില്ലാത്ത ശൈത്യകാലത്തിലൂടെ കടന്നു പോയിരുന്നു. അതിനു മുൻപ് 1998 ലും. കാലാവസ്ഥാ വ്യതിയാനം കവർന്നൊരു ശൈത്യകാലത്തിന്റെ നേർക്കാഴ്ചയാണ് ഇന്ന് ഗുൽമാർഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം