ദിവസങ്ങൾ നീളുന്ന 'സിറ്റ് അപ്പ്' ശിക്ഷയുമായി വനിതാ പ്രിൻസിപ്പാൾ, അവശനിലയിൽ ആദിവാസി വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

By Web TeamFirst Published Sep 18, 2024, 1:18 PM IST
Highlights

ചെറിയ തെറ്റുകൾക്ക് പോലും ദിവസങ്ങളോളം നീളുന്ന ശിക്ഷാ രീതിയായിരുന്നു വനിതാ പ്രിൻസിപ്പലിന്റെ രീതിയെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. ശുചിമുറികളും ഭക്ഷണ മുറിയും അടക്കം വൃത്തിയാക്കാൻ നിർബന്ധിച്ചിരുന്നതായും വഴങ്ങിയില്ലെങ്കിൽ നൂറ് മുതൽ ഇരുനൂറ് സിറ്റ്അപ്പുകൾ മൂന്ന് ദിവസം വരെ ചെയ്യേണ്ട സാഹചര്യമാണ് നേരിട്ടിരുന്നതെന്നുമാണ് വിദ്യാർത്ഥിനികൾ

രാജമഹേന്ദ്രവാരം: ശുചിമുറിയും ഭക്ഷണമുറിയും ശുചിയാക്കിയില്ല. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനികൾക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിൻസിപ്പൽ. അവശനിലയിൽ ആശുപത്രിയിലായി 70 വിദ്യാർത്ഥിനികൾ. വിവരം പുറത്തറിയുന്നത് രക്ഷിതാക്കൾ കോളേജ് ഉപരോധിച്ചതിന് പിന്നാലെ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ ട്രൈബൽ വെൽഫെയർ ഗുരുകുൽ കോളേജിലാണ് സംഭവം. ചെറിയ തെറ്റുകൾക്ക് പോലും ദിവസങ്ങളോളം നീളുന്ന ശിക്ഷാ രീതിയായിരുന്നു വനിതാ പ്രിൻസിപ്പലിന്റെ രീതിയെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. 

200 തവണയിലേറെ സിറ്റ് അപ്പ് ചെയ്യാനുള്ള നിർദ്ദേശത്തിന് പിന്നാലെയാണ് വിളർച്ച രൂക്ഷമായ 70 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച രക്ഷിതാക്കളും ആദിവാസി സംഘടനകളും കോളേജിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിന് പിന്നാലെ റമ്പച്ചോടവാരം എംഎൽഎ  മിരിയാല സിരീഷാ ദേവി വിദ്യാർത്ഥിനികളെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സംഭവത്തിൽ നാലംഗ കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Latest Videos

സംഭവത്തിൽ പ്രിൻസിപ്പൽ ജി പ്രസൂന കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശുചിമുറികളും ഭക്ഷണ മുറിയും അടക്കം വൃത്തിയാക്കാൻ നിർബന്ധിച്ചിരുന്നതായും വഴങ്ങിയില്ലെങ്കിൽ നൂറ് മുതൽ ഇരുനൂറ് സിറ്റ്അപ്പുകൾ മൂന്ന് ദിവസം വരെ ചെയ്യേണ്ട സാഹചര്യമാണ് നേരിട്ടിരുന്നതെന്നുമാണ് വിദ്യാർത്ഥിനികൾ പരാതിപ്പെടുന്നത്. ശരീര വേദനയും തളർച്ചയും അനുഭവപ്പെട്ടാണ് ആശുപത്രിയിലെത്തിയതെന്നുമാണ് വിദ്യാർത്ഥിനികൾ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വിശദമാക്കിയത്. സംഭവത്തിൽ പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള 375 വിദ്യാർത്ഥിനികളാണ് ഇവിടെ പഠിക്കുന്നത്. 

പൂന്തോട്ടത്തിലെ ജോലികളും കോളേജ് പരിസരം വൃത്തിയാക്കിയിരുന്നത് വിദ്യാർത്ഥിനികളായിരുന്നുവെന്നാണ് ആരോപണം. ക്യാംപസിലെ സിസിടിവികൾ ഇല്ലാത്ത ഭാഗങ്ങളിൽ വച്ചായിരുന്നു ശിക്ഷാ നടപടികളെന്നുമാണ് ഉയരുന്ന ആരോപണം. പ്രിൻസിപ്പലിന് പുറമേ കോളേജിലെ മറ്റ് ജീവനക്കാർ മനുഷ്യത്വ രഹിതമായി പെരുമാറിയ സംഭവങ്ങളേക്കുറിച്ചും പരാതി ഉയർന്നിട്ടുണ്ടെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തുമെന്നും ആദിവാസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആരോപിക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!