ജനുവരി മൂന്നാം ആഴ്ചയായിരിക്കും പരിശീലനം ആരംഭിക്കുകയെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ജനുവരി ഒന്നിന് നടന്ന പത്രസമ്മേളനത്തിൽ ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണ്.
ദില്ലി: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കും. ബഹിരാകാശ, ആണവോർജ്ജ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മൂന്നാം ആഴ്ചയായിരിക്കും പരിശീലനം ആരംഭിക്കുകയെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ജനുവരി ഒന്നിന് നടന്ന പത്രസമ്മേളനത്തിൽ ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണ്. നാല് ഇന്ത്യൻ വ്യോമസേന ടെസ്റ്റ് പൈലറ്റുമാരെയാണ് ഗഗൻയാൻ ദൗത്യത്തിനായി ഇസ്രൊ തെരഞ്ഞെടുത്തിരിക്കുന്നത്. പതിനൊന്ന് മാസം നീണ്ടു നിൽക്കുന്നതായിരക്കും റഷ്യയിലെ പരിശീലനം. റഷ്യയിലെ പരിശീലനത്തിന് ശേഷം തിരിച്ച് ഇന്ത്യയിലെത്തുന്ന ബഹിരാകാശ യാത്രികർക്ക് ഇസ്രൊ ഗഗൻയാൻ പേടകത്തിനുവേണ്ടിയുള്ള പ്രത്യേക പരിശീലനം നൽകും. ഗഗൻയാൻ മൊഡ്യൂൾ പ്രവർത്തിപ്പിക്കാനും ആവശ്യം വന്നാൽ അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പരിശീലനമാണ് ഇസ്രൊ ഇവർക്ക് നൽകുക.
undefined
തെരഞ്ഞെടുക്കപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥർ ആരൊക്കയായിരിക്കുമെന്ന് ഇസ്രൊ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഘത്തിൽ വനിതകളുണ്ടാകുമെന്നാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ആദ്യ ദൗത്യത്തിൽ സ്ത്രീകളുണ്ടാകില്ല. സേനാ വിഭാഗങ്ങളിലെ ടെസ്റ്റ് പൈലറ്റുമാരെയാണ് ആദ്യ ബഹിരാകാശ ദൗത്യത്തിനായി രാജ്യങ്ങൾ തെരഞ്ഞെടുക്കാറ് ഇതേ രീതി പിന്തുടരാൻ ഇസ്റോയും തീരുമാനിക്കുകയായിരുന്നു. നിലവിൽ ഒരു സേനാവിഭാഗത്തിലും വനിതാ ടെസ്റ്റ് പൈലറ്റുമാരില്ല.
പതിനായിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി രാജ്യത്തിന് സ്വാതന്ത്യം കിട്ടിയതിന്‍റെ 75ആം വാർഷികം ആഘോഷിക്കാൻ പോകുന്ന 2022ൽ ഒരു ഇന്ത്യക്കാരനെ സ്വയം ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലെ എറ്റവും കരുത്തേറിയ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക്ക് ത്രീ യായിരിക്കും ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.