ലഹരി വിൽപനയ്ക്കിടെ കുടുങ്ങി മുൻ വനിതാ എംഎൽഎ, പരിശോധനയിൽ കണ്ടെത്തിയത് ആഡംബര വാഹനങ്ങളും സ്വർണവും പണവും

By Web TeamFirst Published Oct 24, 2024, 12:14 PM IST
Highlights

2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്ന ഇവർ 2022ലാണ് ബിജെപിയിൽ ചേർന്നത്. ബന്ധുവായ ഡ്രൈവർക്കൊപ്പമായിരുന്നു മുൻ എംഎൽഎയുടെ ഹെറോയിൻ വിൽപന

ചണ്ഡിഗഡ്: ഹെറോയിൻ വിൽക്കാനുള്ള ശ്രമത്തിനിടെ മുൻ വനിതാ എംഎൽഎയെ കയ്യോടെ പിടികൂടി നാർക്കോട്ടിക് വിരുദ്ധ സേന. പഞ്ചാബ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് മുൻ കോൺഗ്രസ് എംഎൽഎയും നിലവിലെ ബിജെപി നേതാവുമായ സത്കർ കൌർ ഗെഹ്രിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കാർ ഡ്രൈവർ കൂടിയായ ബന്ധുവിനൊപ്പമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബിജെപിയിൽ ചേരുകയായിരുന്നു. നൂറ് ഗ്രാം ഹെറോയിനാണ് ഖരാറിലെ സണ്ണി എൻക്ലേവിന് സമീപത്ത് നിന്ന് പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തിയത്. അനന്തരവനായ ജസ്കീരാത് സിംഗിനൊപ്പാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഫിറോസ്പൂരിലെ ബെഹ്ബാൾ ഖുർദ്ദ് സ്വദേശിയായ ഇയാൾ നിലവിൽ മുൻ എംഎൽഎയുടെ വസതിയിലാണ് താമസം. 

Latest Videos

ഇവരുടെ അറസ്റ്റിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനാണ് മുൻ എംഎൽഎയുടെ വീട്ടിൽ നിന്ന് പിടികൂടിയത്. ഇതിന് പുറമേ രേഖകളില്ലാതെ സൂക്ഷിച്ച 2 ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഡംബര കാറുകൾ ഉൾപ്പെടെ നാല് കാറുകളാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. ടോയൊറ്റ ഫോർച്യൂണർ, ബിഎംഡബ്ല്യു, ഹ്യുണ്ടയ് വെർണ, ഷെവർലെറ്റ് കാറുകളാണ് ഇവരുടെ വസതിയിൽ നിന്ന് കണ്ടെത്തിയത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. മുൻ എംഎൽഎയിൽ നിന്ന് ലഹരി മരുന്ന് വാങ്ങിച്ചെന്നായിരുന്നു രഹസ്യ വിവരം നൽകിയ അജ്ഞാതൻ പൊലീസിനോട് വിശദമാക്കിയത്. സ്വന്തം മൊബൈൽ നമ്പർ അടക്കം രണ്ടിലേറെ ഫോൺ നമ്പറുകളാണ് ലഹരി വിൽപനയ്ക്കായി മുൻ എംഎൽഎ ഉപയോഗിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ എംഎൽഎ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വിൽപനയെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!