ഒരു ജൂനിയർ ജീവനക്കാരന് ഇത്രയധികം രൂപയുടെ വെട്ടിപ്പ് നടത്താൻ കഴിയുന്നത് കമ്പനിയുടെ കോർപറേറ്റ് ഭരണത്തിലെ പിഴവാണെന്നും വിലയിരുത്തപ്പെടുന്നു.
ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിലെ ഒരു മുൻജീവനക്കാരൻ കമ്പനിയിൽ 33 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തി. കമ്പനിയിലെ ഒരു ജൂനിയർ ജീവനക്കാരനാണ് കോടികളുടെ വെട്ടിപ്പ് നടത്തിയതെന്ന് വെളിപ്പെടുത്തിയ സ്വിഗ്ഗി, ഇയാളുടെ വിശദാംശങ്ങളൊന്നും പക്ഷേ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കമ്പനിക്ക് പുറത്തുള്ള ഒരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തി. നിയമപരമായ നടപടികളുമായും കമ്പനി മുന്നോട്ട് നീങ്ങുന്നുണ്ട്.
സർക്കാറിന് സമർപ്പിച്ച 2023-2024 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് വെട്ടിപ്പിനെ കുറിച്ച് സ്വിഗ്ഗി വിശദീകരിച്ചിരിക്കുന്നത്. ഒരു ജൂനിയർ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്ന് മാത്രമാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. ഇയാളെക്കുറിച്ചുള്ള മറ്റ് വിവങ്ങളൊന്നും നൽകിയിട്ടില്ല. അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്രയും തുക വാർഷിക റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്.
undefined
എന്നാൽ ഒരു ജൂനിയർ ജീവനക്കാരൻ ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാർത്ത പുറത്തുവന്നത് കമ്പനിയുടെ കോർപറേറ്റ് ഭരണ സംവിധാനത്തെക്കുറിച്ചും അതിന്റെ കാര്യക്ഷമതയെ കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2350 കോടി രൂപയുടെ നഷ്ടമാണ് കമ്പനി 2023-24 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് നഷ്ടത്തിൽ 44 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. 2023ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ നഷ്ടം 4179 കോടി രൂപയായിരുന്നു. വരുമാനത്തിൽ ഇക്കഴിഞ്ഞ വർഷം 36 ശതമാനത്തിന്റെ വളർച്ചയുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം