കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിലും, നീറ്റ് വിവാദത്തിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിക്കൊണ്ടാണ് ഗാന്ധി പ്രതിമയിരുന്ന സ്ഥലത്തുനിന്നും സഭയിലേക്ക് മാർച്ച് നടത്തിയത്.
ദില്ലി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിലും, നീറ്റ് വിവാദത്തിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിക്കൊണ്ടാണ് ഗാന്ധി പ്രതിമയിരുന്ന സ്ഥലത്തുനിന്നും പ്രതിപക്ഷം സഭയിലേക്ക് മാർച്ച് നടത്തിയത്. സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുകയാണ്.
പാർലമെന്റ് വളപ്പ് ഗാന്ധി പ്രതിമയിരുന്ന സ്ഥലത്തുനിന്നാണ് വലിയ ഊർജത്തോടെ പ്രതിപക്ഷം സഭയിലേക്ക് കയറിയത്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്ത്വത്തിൽ ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിൽ പിടിച്ചായിരുന്നു പ്രതിപക്ഷ നീക്കം. കോൺഗ്രസിന്റെ നിർദേശം ഇന്ത്യ സഖ്യനേതാക്കളും അംഗീകരിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള കെ രാധാകൃഷ്ണൻ ഉൾപ്പടെ എല്ലാം അംഗങ്ങളും ഇതിൽ പങ്കുചേർന്നു. പിന്നീട് സഭയ്ക്കുള്ളിലും പ്രതിപക്ഷം ഭരണഘടന ഉയർത്തിയുള്ള പ്രതിഷേധം തുടർന്നു.
undefined
കൊടിക്കുന്നിൽ സുരേഷിന് പ്രോടേം സ്പീക്കർ സ്ഥാനം നൽകാത്തത് ഉന്നയിച്ചായിരുന്നു പ്രതിഷേധം. അതേസമയം, 'മോദി മോദി' എന്ന വിളികളോടെയാണ് ഭരണപക്ഷം പ്രധാനമന്ത്രി നരേന്ദമോദിയെ സ്വീകരിച്ചത്. നരേന്ദ്ര മോദിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ഭരണപക്ഷത്ത് ഉയർന്ന കരഘോഷത്തെയും ഭരണഘടന ഉയർത്തിയാണ് പ്രതിപക്ഷം നേരിട്ടത്. അമിത്ഷാ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഭരണഘടന ഉയർത്തിക്കാട്ടി. ധർമ്മേന്ദ്ര പ്രധാനെത്തിയപ്പോൾ 'നീറ്റ്, നീറ്റ്' എന്നുവിളിച്ചും പ്രതിപക്ഷം വലിയ ബഹളമുണ്ടാക്കി.
പ്രോടേം സ്പീക്കർ സ്ഥാനത്ത് നിന്നും പിൻമാറിയ കൊടിക്കുന്നിൽ സുരേഷിനെയാണ് ആദ്യം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതെങ്കിലും ഇതിന് സുരേഷ് തയാറായില്ല. പ്രതിപക്ഷത്തെ ആദ്യ ഇരിപ്പിടമാണ് കൊടിക്കുന്നിൽ സുരേഷിന് നൽകിയത്. രാഹുൽ ഗാന്ധിക്കൊപ്പം അഖിലേഷ് യാദവ്, കല്യാൺ ബാനർജി എന്നിവരും ആദ്യ ബെഞ്ചിലിരുന്നു. അഖിലേഷ് യാദവും സമാജ്വാദി പാർട്ടി എംപിമാരും ചുവന്ന തൊപ്പിയും ഷോളും ധരിച്ച് പ്രത്യേകമാണ് സഭയിലേക്ക് വന്നത്.