സ്വന്തം കടം വീട്ടാനായി അച്ഛനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു.
ഭോപ്പാൽ: ഇൻഡോർ സ്വദേശി ശ്രീറാം ഗുപ്തയുടെ ഫോണിലേക്ക് ചൊവ്വാഴ്ച അപ്രതീക്ഷിതമായി ഒരു ഫോൺ കോളെത്തി. എടുത്ത് സംസാരിച്ചപ്പോൾ മറുവശത്തുള്ള ആൾ പറയുന്നത്, നിങ്ങളുടെ മകൻ സതീഷ് ഗുപ്തയെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും വിട്ടുകിട്ടാൻ ഒരു ലക്ഷം രൂപ നൽകണമെന്നും. ഉടൻ തന്നെ മറ്റൊന്നിനും നിൽക്കാതെ ശ്രീറാം പൊലീസിനെ വിവരം അറിയിച്ചു.
തട്ടിക്കൊണ്ടുപോകൽ കേസായതിനാൽ ഗൗരവത്തിൽ തന്നെ അന്വേഷണം മുന്നോട്ടുപോയി. വിളിച്ച ആളുകളെക്കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരുഷ് അറോറ, തേജ്വീർ സിങ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കപ്പെട്ട 24കാരനായ സതീഷ് ഗുപ്തയുടെ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവരെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകൻ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന് വ്യക്തമായത്.
അച്ഛന്റെ കൈയിൽ നിന്ന് പണം സംഘടിപ്പിക്കാൻ മകൻ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തിയ ഐഡിയ ആയിരുന്നത്രെ ഇത്. സതീഷിന് വലിയ കട ബാധ്യത ഉണ്ടായിരുന്നെന്നും അത് തീർക്കാൻ പണം വേണമായിരുന്നു എന്നുമാണ് ഇവരുടെ മൊഴി. എങ്ങനെ ഇത്ര വലിയ കടം വന്നെന്ന് ചോദിച്ചപ്പോൾ ഐപിഎൽ ഓൺലൈൻ വാതുവെപ്പ് ഉൾപ്പെടെ നടത്തിയാണത്രെ പണം കളഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം