മകൻ മയക്കുമരുന്നിന് അടിമ, അച്ഛൻ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; അറസ്റ്റിൽ

By Web Team  |  First Published Oct 26, 2024, 2:16 PM IST

അച്ഛന്‍റെ മൊഴിയിലെ പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. 


ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ലഹരിക്ക് അടിമയായ മകനെ വാടക കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 28കാരനായ ഇർഫാൻ ഖാനെ രണ്ടംഗ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് പിതാവ് ഹസൻ ഖാൻ കൊന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഗ്വാളിയോർ പുരാനി കന്‍റോണ്‍മെന്‍റ് പൊലീസ് ഹസൻ ഖാനെ അറസ്റ്റ് ചെയ്തു.

ഇർഫാൻ ഖാൻ മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്നു. ദുശ്ശീലങ്ങൾ കാരണം കുടുംബവുമായുള്ള ബന്ധം വഷളായി. ഇത് വഴക്കുകൾക്കും സംഘർഷങ്ങൾക്കും ഇടയാക്കി. നിരാശനായ ഹസൻ ഖാൻ ഇർഫാനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. അർജുൻ എന്ന ഷറഫത്ത് ഖാൻ, ഭീം സിംഗ് പരിഹാർ എന്നിവർക്ക് കൊല്ലാൻ ക്വട്ടേഷൻ നൽകി. 50,000 രൂപയും നൽകി. 

Latest Videos

undefined

ഒക്ടോബർ 21ന് ബദ്നാപുര - അക്ബർപൂർ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇർഫാനെ ഹസൻ എത്തിച്ചു. അവിടെ വെച്ച് കൊലയാളികൾ പതിയിരുന്ന് വെടിവെച്ചു കൊന്നു. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിർത്തു. ഗ്വാളിയോർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പൊലീസിന് ആദ്യം കൊലയാളികൾ ആരെന്ന് മനസ്സിലായില്ല. ഹസൻ ഖാന്‍റെ മൊഴിയിലെ പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. 

ഇർഫാന് നേരെ വെടിയുതിർത്ത അർജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!