'കൊവി‍ഡ് വാക്‌സിന് 4000, 6000 രൂപ'; ഞെട്ടിക്കുന്ന തട്ടിപ്പ്, വെബ്‌സൈറ്റ് വ്യാജം

By Web Team  |  First Published Feb 11, 2021, 2:44 PM IST

4000 രൂപയോ 6000 രൂപയോ അടച്ചാല്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കും എന്നാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. 


ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഇതിനിടെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ടൊരു വമ്പന്‍ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റേതിനോട് സാമ്യമുള്ള വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത് 4000 രൂപയോ 6000 രൂപയോ അടച്ചാല്‍ വാക്‌സിന്‍ സ്വീകരിക്കാം എന്നാണ് അവകാശവാദം. 

പ്രചാരണം

Latest Videos

undefined

ഒറ്റനോട്ടത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് തോന്നും. കൊവിഡ് ഡാഷ്‌ബോര്‍ഡും വാക്‌സിന്‍ എടുത്ത ആളുകളുടെ കണക്കും ലേറ്റസ്റ്റ് അപ്‌ഡേറ്റുകളും മറ്റ് വിവരങ്ങളുമെല്ലാമുള്ള സമാനം. 99 ശതമാനം വിജയസാധ്യതയുള്ള വാക്‌സിന് 6000 രൂപയും 70 ശതമാനം കാര്യക്ഷമതയുള്ളതിന് 4000 രൂപയും നല്‍കണം എന്നാണ് കൊടുത്തിരിക്കുന്ന വിവരം. വിശ്വാസ്യതയ്‌ക്ക് ഫൈസര്‍ കമ്പനിയുടെ ലോഗോയുമുണ്ട്.

വാക്‌സിനേഷനായി രജിസ്റ്റര്‍ (Appointment for vaccine) ചെയ്യാനുള്ള സൗകര്യമാണ് പ്രധാന സവിശേഷത. ഇതില്‍ ക്ലിക്ക് ചെയ്ത് പേരും മൊബൈല്‍ നമ്പറും നല്‍കിയാല്‍ തൊട്ടടുത്ത ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഇതിനായി കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവുകള്‍ നിങ്ങളെ സമീപിക്കും എന്നും വിവരണത്തില്‍ നല്‍കിയിരിക്കുന്നു. വാക്‌സിനേഷനെ കുറിച്ചുള്ള ചോദ്യോത്തര ഭാഗവും സൈറ്റിലുണ്ട്. എന്നാണ് ഈ വെബ്‌സൈറ്റിന്‍റെ ഐഡി. 

വസ്‌തുത

പ്രചരിക്കുന്ന വെബ്‌സൈറ്റ് വ്യാജമാണ് എന്ന് തിരിച്ചറിയാന്‍ ഒരു കുറുക്കുവഴിയുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ യുആര്‍എല്‍ .govയിലാണ് അവസാനിക്കാറ്. എന്നാല്‍ പണമടച്ച് വാക്‌സിന്‍ സ്വീകരിക്കാം എന്നവകാശപ്പെടുന്ന വെബ്‌സൈറ്റിന്‍റെ യുആര്‍എല്‍ അവസാനിക്കുന്നത് .xyz എന്നാണ്. പ്രചരിക്കുന്നത് വ്യാജ വെബ്‌സൈറ്റാണ് എന്ന് ഇത് തെളിയിക്കുന്നു. 

പ്രചരിക്കുന്ന വെബ്‌സൈറ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട വിശ്വസനീയമായ വിവരങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.mohfw.gov.in/ സന്ദര്‍ശിക്കാന്‍ പിഐബി ആവശ്യപ്പെട്ടു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വീറ്റ് ചുവടെ. 

 

നിഗമനം

4000, 6000 രൂപ നല്‍കി കൊവിഡ് വാക്‌സിന്‍ എടുക്കാമെന്നും ഇതിനായി രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടുള്ള വെബ്‌സൈറ്റ് വ്യാജമാണ്. കൊവിഡ് സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.mohfw.gov.in/) സന്ദര്‍ശിക്കേണ്ടതാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 


 

click me!