ബിജെപിക്ക് വഴിവിട്ട സഹായം? ആരോപണങ്ങൾ നിഷേധിച്ച് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ

By Web Team  |  First Published Sep 2, 2020, 6:48 PM IST

ഓൺലൈൻ വാർത്താമാധ്യമങ്ങളുടെ നിഷ്പക്ഷത, അറിയാനുള്ള പൗരൻമാരുടെ അവകാശം നിഷേധിക്കൽ, സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധന - ഇങ്ങനെ ഒരുപിടി വിഷയങ്ങളിൻമേൽ ഫേസ്ബുക്കിന്‍റെ നിലപാട് തേടാനാണ് ഐടി പാർലമെന്‍ററികാര്യസമിതി ഫേസ്ബുക്ക് അധികൃതരെ വിളിച്ചുവരുത്തിയിരിക്കുന്നത്. 


ദില്ലി: ഫേസ്ബുക്കിന്‍റെ ബിജെപി ചായ്‍വിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം കൊഴുക്കവേ, ഫേസ്ബുക്ക് ഇന്ത്യ മേധാവിയായ അജിത് മോഹൻ ഐടി പാർലമെന്‍ററികാര്യസമിതിയ്ക്ക് മുന്നിൽ ഹാജരായി. സമൂഹമാധ്യമങ്ങൾ ബിജെപിയോട് ചായ്‍വ് കാണിച്ചെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ ശബ്ദമുയർത്തിയ പേജുകൾ മുക്കിയെന്നതുമടക്കം 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് പുറത്തുവിട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് അധികൃതരെ പാർലമെന്‍ററി കാര്യസമിതി വിളിച്ചുവരുത്തിയത്. 

ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി മേധാവി അംഖി ദാസ് 2014-ൽ എൻഡിഎയുടെ വിജയത്തിന് പിന്നാലെ, ''മോദിയുടെ വിജയത്തിന് നമ്മൾ തിരി കൊളുത്തി, ബാക്കിയുള്ളത് ചരിത്രമായിരുന്നു. മുപ്പത് വർഷം വേണ്ടി വന്നു, ഇന്ത്യയിലെ സ്റ്റേറ്റ് സോഷ്യലിസത്തിന്‍റെ വേര് പിഴുതെറിയാൻ'', എന്ന് ഫേസ്ബുക്കിലെ സ്റ്റാഫിന്‍റെ ആഭ്യന്തരഗ്രൂപ്പിൽ എഴുതിയെന്ന് വാൾ സ്ട്രീറ്റ് ജേണലിന്‍റെ ജെഫ് ഹോർവിറ്റ്‍സും, ന്യൂലി പുർനെലും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് രാജ്യത്ത് കൊളുത്തിവിട്ടത് വലിയ രാഷ്ട്രീയവിവാദമാണ്. തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് എന്ന സമൂഹമാധ്യമഭീമൻ, ബിജെപി അനുകൂല പേജുകളെ സഹായിക്കുകയും എതിർശബ്ദങ്ങളുയർത്തിയ പേജുകൾ ഡിലീറ്റ് ചെയ്യുകയോ ഡൗൺ ചെയ്യുകയോ ചെയ്തുവെന്നും പിന്നീട് ഇതുമായി ബന്ധപ്പെട്ട തുടർറിപ്പോർട്ടുകളും പുറത്തുവന്നു.  

Latest Videos

undefined

മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരാണ് പാർലമെന്‍ററി കാര്യസമിതിയുടെ അധ്യക്ഷൻ. ഓൺലൈൻ വാർത്താമാധ്യമങ്ങളുടെ നിഷ്പക്ഷത, അറിയാനുള്ള പൗരൻമാരുടെ അവകാശം നിഷേധിക്കൽ, സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധന - ഇങ്ങനെ ഒരുപിടി വിഷയങ്ങളിൻമേൽ ഫേസ്ബുക്കിന്‍റെ നിലപാട് പാർലമെന്‍ററികാര്യസമിതി തേടി.

എന്നാൽ വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ അടക്കം, ഫേസ്ബുക്കിന്‍റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളെല്ലാം ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ തള്ളിക്കളഞ്ഞു. ഫേസ്ബുക്കിന്‍റെ നിലപാട് നിഷ്പക്ഷമാണ്. ഒരു രാഷ്ട്രീയപാർട്ടിയോടും ഫേസ്ബുക്ക് ചായ്‍വ് കാണിച്ചിട്ടില്ലെന്നും അജിത് മോഹൻ സമിതിക്ക് മുമ്പാകെ പറഞ്ഞു.

സമിതിക്ക് മുമ്പാകെ കേന്ദ്ര ഐടി മന്ത്രാലയവക്താക്കളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 30 അംഗങ്ങളാണ് ഈ പാർലമെന്‍ററി പാനലിലെ അംഗങ്ങൾ. ഇതിൽ 15 പേർ ബിജെപി അംഗങ്ങളോ, സഖ്യകക്ഷികളിൽ നിന്നുള്ളവരോ ആണ്. കോൺഗ്രസിന് 3 അംഗങ്ങളാണുള്ളത്. തൃണമൂൽ, ഡിഎംകെ, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾക്ക് ഓരോ എംപിമാരും സമിതിയിലുണ്ട്. 

വാൾ സ്ട്രീറ്റ് ജേണലിൽ ഈ റിപ്പോർട്ട് വന്നതിന് പിന്നാലെ, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളടക്കം പരാതികൾ ലഭിച്ചിട്ടും പിൻവലിക്കാൻ ഫേസ്ബുക്ക് തയ്യാറാകാതിരുന്നതിനെക്കുറിച്ചടക്കം പാനൽ വിശദമായി അന്വേഷിക്കുമെന്ന് ശശി തരൂർ പറഞ്ഞത് വിവാദമായിരുന്നു. തരൂർ സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന്, സമിതിയിലെ ബിജെപി അംഗമായ എംപി നിഷികാന്ത് ദുബെ ആരോപിച്ചു. ഫേസ്ബുക്കിന്‍റെയും വാട്‍സാപ്പിന്‍റെയും ജനാധിപത്യലംഘനം അന്താരാഷ്ട്രമാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നെന്ന്, രാഹുൽ ഗാന്ധിയും ആരോപിച്ചതോടെ വിവാദം കൊഴുത്തു. 

''രാജ്യത്തിന്‍റെ കാര്യങ്ങളിൽ, പൗരൻമാരുടെ അറിയാനുള്ള അവകാശത്തിൻമേൽ ഒരു വിദേശകമ്പനിക്കും കൈ കടത്താനാകില്ല. ഇതിൽ സമഗ്രമായ അന്വേഷണം വേണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം'', രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

click me!