ബന്ധം അവസാനിച്ച ശേഷം പിന്നീട് ഫോൺ വിളിക്കുമ്പോൾ ഓരോ കാര്യങ്ങളായി ഇയാൾ ചോദിക്കാൻ തുടങ്ങിയതാണ് സംശയം തോന്നാൻ കാരണമെന്ന് യുവതി പറയുന്നു.
ബംഗളുരു: ഇന്റർനെറ്റും അതിൽ അധിഷ്ഠിതമായ സേവനങ്ങളും എല്ലാ രംഗത്തും വ്യാപകമായതോടെ ഉയരാൻ തുടങ്ങിയതാണ് വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ചുള്ള ആശങ്കകളും. ബംഗളുരുവിൽ നിന്നുള്ള ഒരു യുവതി കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച തന്റെ അനുഭവം ഇത്തരത്തിലെ ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ്. താനുമായി ബന്ധം അവസാനിപ്പിച്ച് പിരിഞ്ഞുപോയ മുൻ കാമുകൻ തന്റെ എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയുന്നു എന്നായിരുന്നു യുവതി ഞെട്ടലോടെ മനസിലാക്കിയത്.
ബംബ്ൾ ഡേറ്റിങ് അപ്പിലൂടെയാണ് യുവതി ഒരു യുവാവിനെ പരിചയപ്പെടുന്നത്. ഒരു ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്യുകയായിരുന്നു അയാൾ. പിന്നീട് ബന്ധം അവസാനിപ്പിച്ചു. എന്നാൽ തന്റെ ഫുഡ് ഡെലിവറി ആപ്പിലെ അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുത്ത് ഓരോ സമയത്തും താൻ പോകുന്ന സ്ഥലങ്ങളും താമസിക്കുന്ന വിലാസങ്ങളും മുതൽ കഴിക്കുന്ന ഭക്ഷണം വരെ ഇയാൾ മനസിലാക്കുന്നു എന്നാണ് യുവതിയുടെ ആരോപണം.
undefined
ബന്ധം അവസാനിപ്പിച്ച ശേഷം ആദ്യമൊക്കെ സംസാരിക്കുമ്പോൾ അർദ്ധരാത്രി ഭക്ഷണം ഓർഡർ ചെയ്യുന്നതിനെക്കുറിച്ചും വാരാന്ത്യങ്ങളിലെ യാത്രകളെക്കുറിച്ചുമെല്ലാം ചോദിച്ചു തുടങ്ങി. പിന്നീട് കൂടുതൽ വിശദമായ വിവരങ്ങൾ നിരത്തി ചോദ്യം ചെയ്യൽ തുടങ്ങിയപ്പോഴാണ് സംശയം തോന്നിയത്. രാത്രി രണ്ട് മണിക്ക് സ്വന്തം താമസ സ്ഥലത്തല്ലാതെ വേറെ ഒരിടത്തേക്ക് എന്തിന് ഭക്ഷണം ഓർഡർ ചെയ്യുന്നുവെന്നും, ഇപ്പോൾ എന്തിന് ആ സ്ഥലത്ത് പോയതെന്നുമൊക്കെയുള്ള ചോദ്യങ്ങളായി. ചെന്നൈയിൽ പോയത് എന്തിനാണെന്നും ചോക്ലേറ്റ് ഓർഡർ ചെയ്യുന്നുണ്ടല്ലോ പീരിഡ്സ് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വരാൻ തുടങ്ങി.
എല്ലാ വിവരങ്ങളും ഇയാൾ മനസിലാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ചെന്നും ഒടുവിൽ ഫുഡ് ഡെലിവറി ആപ്പിൽ നിന്നുള്ള വിവരങ്ങളാണ് കിട്ടുന്നതെന്ന് മനസിലാക്കിയെന്നും യുവതി പറയുന്നു. എന്നാൽ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പെടെ മറുപടി നൽകുന്നത്. കമ്പനികൾക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടെന്നും ഒരു ജീവനക്കാരൻ വിചാരിച്ചാൽ സ്ഥിരമായി ഒരാളുടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയില്ലെന്നുമൊക്കെയാണ് അവർ നൽകുന്ന വിശദീകരണം. അത്തരത്തിൽ ആരെങ്കിലും ചെയ്യുകയാണെങ്കിൽ പോലും അത് കണ്ടെത്താനും കർശന നടപടിയെടുക്കാനും കഴിയുന്ന സംവിധാനങ്ങൾ മിക്കവാറും കമ്പനികൾക്കെല്ലാം ഉണ്ടെന്നും ഐടി രംഗത്തുള്ളവർ പറയുന്നുണ്ട്.
എന്നാൽ ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിൽ ജോലി ചെയ്തിരുന്നയാളിൽ നിന്ന് സമാനമായ അനുഭവമുണ്ടായതായി മറ്റൊരാളും പറയുന്നുണ്ട്. വിലാസങ്ങളും ഫോൺ നമ്പറും ശേഖരിച്ച് അത് ദുരുപയോഗം ചെയ്ത അനുഭവമാണ് അവർ വിശദീകരിക്കുന്നത്. പല ആവശ്യങ്ങൾക്ക് പല ഓൺലൈൻ അധിഷ്ഠിത സേവന ദാതാക്കൾക്കും പ്ലാറ്റ്ഫോമുകൾക്കുമൊക്കെ വ്യക്തി വിവരങ്ങളും സാമ്പത്തിക വിവരങ്ങളും കൈമാറുമ്പോൾ അവ എന്തിനൊക്കെ ഉപയോഗിക്കപ്പെടുന്നു എന്ന് മനസിലാക്കാൻ സാധിക്കാത്തത് പ്രധാന പ്രശ്നമാണെന്നും പലരും അഭിപ്രായപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം