ആദ്യം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചു. അത് ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ പി.എം ഹെൽത്ത് കെയർ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്നായി
ഹൈദരാബാദ്: പിഎം ഹെൽത്ത് കെയർ പദ്ധതിയുടെ ആനൂകൂല്യങ്ങൾ ലഭ്യമാക്കാമെന്ന് പറഞ്ഞ് ബന്ധപ്പെട്ട തട്ടിപ്പുകാർ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് ഏതാനും മിനിറ്റുകൾ കൊണ്ട് അടിച്ചെടുത്തത് 1.17 ലക്ഷം രൂപ. ഹൈദരാബാദിൽ നിന്നാണ് പുതിയ സൈബർ തട്ടിപ്പ് റിപ്പോർട്ട്. സർദാർ വല്ലഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാദമിയിലെ ഹെൽത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന 27കാരനാണ് തന്റെ ഫോണിൽ PM HEALTH CARE_b80.apk എന്ന ഫയൽ ഇൻസ്റ്റാൾ ചെയ്തത്.
യുവാവിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. വെറും ഏഴ് മിനിറ്റിനുള്ളിൽ നടത്തിയ ആറ് ഇടപാടുകളിലൂടെയാണ് ഇത്രയും പണം പോയത്. സൈബറാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഒരു അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ച ഫോൺ കോളാണ് തട്ടിപ്പിലേക്ക് എത്തിയത്. വിളിച്ചയാൾ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചെങ്കിലും യുവാവിന് ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നില്ല. അക്കാര്യം വിളിച്ചയാളോട് പറഞ്ഞു.
undefined
ഇതോടെ പി.എം ഹെൽത്ത് കെയർ പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് യുവാവ് അർഹനാണെന്നായി വിളിച്ചയാൾ. ഇതിനായാണ് ഒരു APK ഫയൽ ഫോണിലേക്ക് അയച്ചുകൊടുത്തത്. ഇത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആപ്പിൽ നൽകി. തൊട്ടുപിന്നാലെ വാട്സ്ആപ് വീഡിയോ കോൾ വിളിച്ച് പദ്ധതിയുടെ വിവരങ്ങൾ പറയാൻ എന്ന പേരിൽ കുറച്ച് നേരം സംസാരിച്ചു.
അൽപ നേരം കഴിഞ്ഞപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം പോയതായി യുവാവ് അറിഞ്ഞത്. ഇതേ മൊബൈൽ നമ്പർ തന്നെയായിരുന്നു ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലും ബന്ധിപ്പിച്ചിരുന്നത്. ആ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും പോയി. എന്നാൽ യുവാവ് പെട്ടെന്ന് തന്നെ പരാതി നൽകിയതോടെ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അക്കൗണ്ട് ശരിയാക്കിയാൽ പണം തിരികെ നൽകാമെന്ന വാഗ്ദാനവുമായി തൊട്ടുപിന്നാലെ വീണ്ടും ബന്ധപ്പെട്ടു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ സമർപ്പിച്ച പരാതി പിൻവലിക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം അപരിചിതമായ ഉറവിടങ്ങളിൽ നിന്ന് കിട്ടുന്നതോ അപരിചിതമായ വ്യക്തികൾ അയച്ചുതരുന്നതോ ആയ APK ഫയലുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി, സർക്കാർ പദ്ധതികളുടെ പ്രയോജനം കിട്ടാൻ അതത് വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ബന്ധപ്പെടണെന്നും ഇത്തരം തട്ടിപ്പുകളിൽ പോയി തലവെച്ച് പണം നഷ്ടപ്പെടുത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം