ഡിജിറ്റല്‍ അറസ്റ്റ്: തട്ടിപ്പ് തടയാന്‍ കേന്ദ്രം; ഉന്നത തല സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

By Web Team  |  First Published Oct 30, 2024, 5:01 PM IST

ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു. 


ദില്ലി: ഡിജിറ്റല്‍ അറസ്റ്റിനെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു.  ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു,. മന്‍ കി ബാത്തിലൂടെ ഡിജിറ്റല്‍  അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നത തലസമിതി രൂപീകരിച്ചത്.

സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലര്‍ത്തുകയും കേസുകളില്‍ ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ കൂടുന്ന സാഹചര്യം കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തന്നെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രചരണ പരിപാടികള്‍ നടത്താനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയും ബോധവത്ക്കരണം നടത്തും.

Latest Videos

undefined

ഉന്നത തല സമിതി രൂപീകരിക്കും  മുന്‍പ്  നാഷണല്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.  ഈ വര്‍ഷം മാത്രം ആറായിരത്തോളം ഡിജിറ്റല്‍ അറസ്റ്റ് പരാതികളാണ് രാജ്യവ്യാപകമായി രജിസ്റ്റര്‍ ചെയ്തതത്. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ 709 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 3.25 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ 120 കോടി രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിച്ചുവെന്നാണ് കണക്ക്. 

click me!