പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു.
ദില്ലി: ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ഏഴ് പേരെ ദില്ലി പൊലീസ് പിടികൂടി. രാജസ്ഥാനിൽ ഒരാളെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ 7 പേരെയാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
ലോറൻസ് ബിഷ്‌ണോയിയുടെ വിശ്വസ്തനായ അർസൂ ബിഷ്‌ണോയിയുടെ നിർദ്ദേശ പ്രകാരം രാജസ്ഥാനിൽ ഒരാളെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലായ ഏഴ് പേരും ഷൂട്ടർമാരാണെന്നാണ് വിവരം. അടുത്തിടെ എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖി മുംബൈയിൽ കൊല്ലപ്പെട്ടിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘമാണ് ഏറ്റെടുത്തത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ദില്ലി പൊലീസ് അറിയിച്ചു.
undefined
അതേസമയം, ബാബ സിദ്ദിഖി വധക്കേസിലെ ഒമ്പത് പ്രതികളുടെ റിമാൻഡ് കാലാവധി ഒക്ടോബർ 26 വരെ നീട്ടി. വിവിധ ദിവസങ്ങളിലായി അറസ്റ്റിലായ ഇവരെ ഇന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വി.ആർ പാട്ടീലിന് മുന്നിൽ ഹാജരാക്കിയിരുന്നു. കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി ശനിയാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. ഗുർമൈൽ ബൽജിത് സിംഗ്, ധർമരാജ് കശ്യപ്, ഹരീഷ് കുമാർ നിസാദ്, പ്രവീൺ ലോങ്കർ, നിതിൻ ഗൗതം സാപ്രെ, സംഭാജി കിസാൻ പർധി, പ്രദീപ് ദത്തു തോംബ്രെ, ചേതൻ ദിലീപ് പർധി, രാം ഫുൽചന്ദ് കനൂജിയ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.