തുടക്കമെന്ന രീതിയിൽ ആവശ്യപ്പെട്ട മൂന്ന് വീഡിയോകൾക്ക് ലൈക്ക് അടിച്ചതോടെ ഇയാൾക്ക് സംഘം പ്രതിഫലമായി 150 രൂപ നൽകി. പിന്നാലെയാണ് വാട്ട്സ് ആപ്പ് മെസേജ് കണ്ടെത്തിയ ദില്ലി സ്വദേശിയെ തട്ടിപ്പ് സംഘം കൊള്ളയടിച്ചത്
ദില്ലി: യുട്യൂബ് വീഡിയോകൾക്ക് ലൈക്ക് അടിക്കുന്ന ജോലിയുടെ പേരിൽ ദില്ലി സ്വദേശിയിൽ നിന്ന് തട്ടിയത് 15 ലക്ഷം രൂപ. ന്യൂ ദില്ലിയിലെ മഹാലക്ഷ്മി എൻക്ലേവിലാണ് സംഭവം. രാജേഷ് പാൽ എന്ന ദില്ലി സ്വദേശിക്കാണ് തട്ടിപ്പ് സംഘം യുട്യൂബ് വീഡിയോയ്ക്ക് ലൈക്ക് അടിക്കുന്ന ജോലിക്കെന്ന പേരിൽ 150 രൂപ നൽകിയത്. വാട്ട്സ് ആപ്പിൽ ലഭിച്ച സന്ദേശത്തിൽ ആകൃഷ്ടനായതിന് പിന്നാലെയാണ് ഇയാൾ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. തുടക്കമെന്ന രീതിയിൽ ആവശ്യപ്പെട്ട മൂന്ന് വീഡിയോകൾക്ക് ലൈക്ക് അടിച്ചതോടെ ഇയാൾക്ക് സംഘം പ്രതിഫലമായി 150 രൂപ നൽകിയിരുന്നു.
ജോലി സംബന്ധമായി രാജേഷ് പാലിനെ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് ചേർത്തിരുന്നു. ഇതിന് ശേഷം 5000 രൂപ ഒരു അക്കൌണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജോലി പൂർത്തിയാകുന്ന മുറയ്ക്ക് തിരികെ നൽകുമെന്ന് വിശദമാക്കി ചെറിയ തുകകളായി സംഘം 15.2 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇനിയും പണം നൽകാൻ രാജേഷിന് മനസിലായതോടെ സംഘം ഇയാളുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസിലായ യുവാവ് യുവാവ് ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
undefined
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘത്തിലൊരാളായ ശുഭം മിശ്ര എന്നയാളെ ദില്ലി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. 12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശുഭം മിശ്രം കാർ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്നതിനിടെയാണ് ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വലിയ രീതിയിലുള്ള തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പിടിക്കപ്പെടാതിരിക്കാനായി സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതിരിക്കുന്ന രീതിയായിരുന്നു ഇയാൾ സ്വീകരിച്ചിരുന്നത്.
വിവിധ അക്കൌണ്ടുകളിലേക്കാണ് രാജേഷ് പാലിൽ നിന്ന് തട്ടിയെടുത്ത പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പലരിൽ നിന്നായി ഒരു ദിവസം 1.5 കോടി വരെ സംഘം തട്ടിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. പണം കൈമാറിയത് ബാങ്ക് മുഖേന ആയതാണ് കേസിൽ പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് നിരീക്ഷിക്കുന്നത്. ദില്ലി, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ നിരന്തരമായി സഞ്ചരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും പൊലീസ് വിശദമാക്കി. കേസിലെ മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം