'പല കാര്യങ്ങളും അറിയാം, ഇപ്പോൾ ഒന്നും പറയില്ല'; കേരളത്തിൽ മൃ​ഗബലി നടന്നുവെന്ന് ആവർത്തിച്ച് ഡി കെ ശിവകുമാർ

By Web Team  |  First Published Jun 1, 2024, 12:04 PM IST

''ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികൾക്ക് എതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം''


ബംഗളൂരു:  മൃ​ഗബലി ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് കർണാടകയിലെ കോൺ​ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താൻ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നില്‍ക്കുന്നു.

ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികൾക്ക് എതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോൾ ഒന്നും പറയില്ല. ബാക്കി ഒന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ഡികെ കൂട്ടിച്ചേര്‍ത്തു. അതേസമയം, മൃഗബലി നടന്നുവെന്ന ആരോപണത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വീണ്ടും പ്രതികരിച്ചിരുന്നു.

Latest Videos

undefined

രാജരാജേശ്വരി ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നാണ് മനസിലാക്കിയത്. വേറെ എവിടെലും നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഡി കെ ശിവകുമാറിന്‍റെ ആരോപണം.

ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡികെ ആരോപിച്ചിരുന്നു. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും ഡി കെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്. 

1177 രൂപയ്ക്ക് പറക്കാം; എയർ ഇന്ത്യ എക്സ്പ്രസിൽ ടൈം ടു ട്രാവൽ സെയിൽ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!