ഭാര്യയെ വാഹനാപകടത്തിൽ കൊലപ്പെടുത്തി ഭാര്യാ സഹോദരിയെ വിവാഹം ചെയ്യാൻ ശ്രമിച്ച യുവാവും സുഹൃത്തും പോലീസിന്റെ പിടിയിലായി.
ലക്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി സുഹൃത്തിന്റെ സഹായത്തോടെ വാഹനാപകടം സൃഷ്ടിച്ച് യുവാവ്. ഉത്തർപ്രദേശിലെ ബിജ്നോഖിലാണ് സംഭവം. അങ്കിത് കുമാർ എന്നയാൾ തന്റെ സുഹൃത്തായ സച്ചിൻ കുമാറുമായി ചേർന്ന് ഭാര്യയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്ന് പ്ലാൻ അനുസരിച്ച് കൊലപാതകം നടത്തിയെങ്കിലും കേസ് അന്വേഷിച്ച പൊലീസ് ഇവരുടെ പദ്ധതി പൊളിച്ചു.
അങ്കിത് കുമാറിന്റെ ഭാര്യ കിരണാണ് (30) കൊല്ലപ്പെട്ടത്. ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അങ്കിതിന് കിരണിന്റെ സഹോദരിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചേച്ചിയുടെ ഭർത്താവായതിനാൽ സഹോദരി സമ്മതിച്ചിരുന്നില്ലത്രെ. ഇതിന് പരിഹാരമായാണ് ഭാര്യയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അങ്കിതും സുഹൃത്ത് സച്ചിനും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന് ഇവർ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
മാർച്ച് എട്ടാം തീയ്യതിയാണ് വാഹനാപകടത്തിൽ ഭാര്യ കൊല്ലപ്പെട്ടെന്ന് കാണിച്ച് അങ്കിത് പൊലീസിൽ പരാതി നൽകിയത്. ബൈക്കിന് പെട്രോൾ അടിക്കാനായി ഭാര്യയെ റോഡിൽ ഇറക്കി നിർത്തിയ ശേഷം താൻ പമ്പിലേക്ക് കയറിയിപ്പോൾ അമിത വേഗത്തിലെത്തിയ കാർ, ഭാര്യയെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു എന്ന് ഇയാൾ മൊഴി നൽകി. ഭാര്യയെ അവരുടെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുവരുന്നിതിനിടെയായിരുന്നു ഈ സംഭവമെന്നും പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ കിരണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. അപകട ശേഷം കാർ നിർത്താതെ പോയെന്നും ഇയാൾ മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരോശോധിച്ച് കാറിന്റെ ഉടമയെ കണ്ടെത്തി. കാറുടമ സച്ചിൻ, അങ്കിതിന്റെ സുഹൃത്താണെന്ന് കണ്ടെത്തിയതോടെ പൊലീസിന് സംശയമായി. രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു.
അഞ്ച് വർഷമായി വിവാഹിതരായ തങ്ങൾക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ടാണത്രെ, ഭാര്യയെ ഒഴിവാക്കി ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാൻ ആലോചിച്ചത്. ഇത് അവർ വിസമ്മതിച്ചപ്പോൾ പിന്നെ ഭാര്യയെ ഇല്ലാതാക്കാനുള്ള ശ്രമമായി മാറിയെന്നും ഇയാൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം