കുട്ടികളെ അടക്കം ആശുപത്രികളിലേക്ക് എത്തിച്ചിട്ടും ഓക്സിജനില്ലാതെ, കിടക്കകളില്ലാതെ അവരെ തിരിച്ചയക്കുന്ന ദൃശ്യങ്ങൾ. പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ രോഗികളെയും കൊണ്ട് അടുത്ത ആശുപത്രിയിലേക്ക് ഓടുന്ന ദൃശ്യങ്ങൾ. ഹൃദയഭേദകമായ കാഴ്ചകളാണ് ദില്ലിയിലെ ആശുപത്രികളിൽ.
ദില്ലി: രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ഹൃദയഭേദകമായ കാഴ്ചകളാണ് ദില്ലിയിലെ ആശുപത്രികൾക്ക് മുന്നിൽ ഞങ്ങൾക്ക് കാണാനാകുന്നത്. കുട്ടികളെ അടക്കം ആശുപത്രികളിലേക്ക് എത്തിച്ചിട്ടും ഓക്സിജനില്ലാതെ, കിടക്കകളില്ലാതെ അവരെ തിരിച്ചയക്കുന്ന ദൃശ്യങ്ങൾ. പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ രോഗികളെയും കൊണ്ട് അടുത്ത ആശുപത്രിയിലേക്ക് ഓടുന്ന ദൃശ്യങ്ങൾ.
ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലടക്കം രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഫോർട്ടിസ് ആശുപത്രിയിൽ ഇന്ന് രാവിലെ മുതൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ദില്ലി മയൂർ വിഹാറിലെ ജീവൻ അൻമോൾ ആശുപത്രിയിൽ ഓക്സിജൻ തീരുകയാണ്. രണ്ട് മണിക്കൂർ നേരത്തേക്കുള്ള ഓക്സീജൻ മാത്രമേ ബാക്കിയുള്ളൂ. 60 രോഗികളാണ് ഇവിടെ ക്രിട്ടിക്കൽ കെയറിൽ ഓക്സിജൻ അടിയന്തര ആവശ്യമുള്ള നിലയ്ക്ക് ചികിത്സയിലുള്ളത്. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ഇന്ന് രാവിലെ 5 ടൺ ഓക്സിജൻ എത്തിച്ചിട്ടുണ്ട്.
undefined
ഒരു കൊച്ചുപെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ദൃശ്യമാണ് ദില്ലി എൽഎൻജെപി ആശുപത്രിയ്ക്ക് മുന്നിലെ കൊവിഡ് എമർജൻസിക്ക് മുന്നിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി റോബിൻ കണ്ടത്. അവിടെ ബാരിക്കേഡ് വച്ച്, വലിയ കമ്പിവാതിൽ വച്ച് അടച്ചിരിക്കുകയാണ്. ഓട്ടോറിക്ഷയിലാണ് ആ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കിടക്കകൾ ഇല്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി അവരെ തിരിച്ചയച്ചു. ചുണ്ടിലൂടെ അവൾക്ക് ശ്വാസം ഊതി നൽകി അവളുടെ ബന്ധുക്കൾ ഓട്ടോറിക്ഷയിൽ വണ്ടി തിരിച്ച് അടുത്ത ആശുപത്രിയിലേക്ക് ഓടുന്ന ദൃശ്യങ്ങൾ.
ഇവിടെയും കിടക്കയില്ലെന്നറിഞ്ഞ്, ഗേറ്റടച്ച് വച്ചത് കണ്ട്, പൊട്ടിക്കരയുന്ന മറ്റൊരു ബന്ധുവിനെയും ഞങ്ങൾ കണ്ടു. വൃദ്ധയായ ഒരു സ്ത്രീയെയും കൊണ്ട് ആശുപത്രിയിലെത്തിയതാണ് അയാൾ. ''അവർ മതിൽ കെട്ടി വച്ചിരിക്കുകയാ, ഞങ്ങളെന്ത് ചെയ്യും?'', കണ്ണീരോടെ അയാൾ ക്യാമറകൾക്ക് മുന്നിൽ നിന്ന് ചോദിക്കുന്നു.
ദില്ലിയിലെ ആശുപത്രികൾ പലതും ഇപ്പോഴും ഓക്സിജൻ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് കാണാനാവുന്നത്. മിക്ക ആശുപത്രികളിലെയും മുതിർന്ന ഡോക്ടർമാർ അടക്കം ഓക്സിജൻ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യർത്ഥനയുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന കാഴ്ചകൾ കണ്ടു.
ദില്ലിയിലെ ജയ്‍പൂർ ഗോൾഡൻ ആശുപത്രിയിൽ മാത്രം ഓക്സിജൻ കിട്ടാതെ വെള്ളിയാഴ്ച രാത്രി മരിച്ചത് 25 പേരാണ്. ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 25 പേരും മരിച്ചു.
ഹൃദയഭേദകമായ കാഴ്ചകളാണ് ആശുപത്രികളുടെ അത്യാഹിതവിഭാഗങ്ങൾക്ക് മുന്നിൽ. ദില്ലിയിലെ മിക്ക ആശുപത്രികളിലും കിടക്കകളില്ല. നിലവിളികളോടെ എത്തുന്ന ബന്ധുക്കൾക്ക് മുന്നിൽ രോഗികളെ ആംബുലൻസുകളിൽത്തന്നെ പരിശോധിക്കുകയാണ് ഡോക്ടർമാർ. മരിച്ചവരെ കൊണ്ടുപോകാൻ അടക്കം ആംബുലൻസുകളും ലഭ്യമല്ല. പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ദില്ലി ഫോർട്ടിസ് ആശുപത്രി ഇന്ന് രാവിലെ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചതായി അറിയിച്ചു.
ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇന്നലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കത്തെഴുതിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അൽപം ഓക്സിജൻ ഞങ്ങൾക്ക് തരാനാകുമെങ്കിൽ തരണം. കേന്ദ്രസർക്കാർ വഴി ഓക്സിജൻ ദില്ലിയിലെത്തിച്ചു തരാനുള്ള വഴി ഞങ്ങൾ ഒരുക്കാം - മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അഭ്യർത്ഥിക്കുന്നു.