വഖഫ് നിയമ ഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ ബിജെപി - തൃണമൂൽ എംപിമാർ തമ്മിൽ രൂക്ഷമായ വാക്പോര്
ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്ററി സമിതി യോഗത്തിൽ വാക്കേറ്റം. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. തർക്കത്തിനിടെ കല്യാൺ ബാനർജി കൈയിലുണ്ടായിരുന്ന ഗ്ലാസ് മേശയിൽ എറിഞ്ഞ് പൊട്ടിച്ചെന്നും, കല്യാൺ ബാനർജിയുടെ വിരലിന് മുറിവേറ്റെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. പിന്നാലെ ജെപിസി യോഗത്തിൽ അപമര്യാദയായി പെരുമാറിയതിന് കല്യാൺ ബാനർജിയെ ഒരു ദിവസത്തേക്ക് സസ്പെൻ്റ് ചെയ്തു.
ജെപിസി ചെയർമാൻ ജഗദംബികാ പാലിന് നേരെയാണ് ടിഎംസി എംപി ഗ്ലാസ് എറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു. ഇത്തരത്തിൽ പെരുമാറുമെന്ന് സങ്കൽപിച്ചില്ലെന്ന് ജഗദംബിക പാൽ എംപി പ്രതികരിച്ചു. ഇത്തരത്തിൽ മുന്നോട്ട് പോകണോയെന്ന് ടിഎംസി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്യാൺ ബാനർജിയെ സസ്പെൻഡ് ചെയ്യാൻ ബിജെപി എംപി നിഷികാന്ത് ദുബേ പ്രമേയം അവതരിപ്പിച്ചു. 8 നെതിരെ പത്ത് വാട്ടിന് പ്രമേയം പാസായി.
പരിക്കേറ്റ തൃണമൂൽ എംപിയെ പ്രതിപക്ഷ എംപിമാർ ചേർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വാക്കേറ്റത്തെ തുടർന്ന് യോഗം നിർത്തിവച്ചു. ഇന്നത്തെ യോഗത്തിൽ മുൻ ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്ത് നിയമ ഭേദഗതിയിൽ വാദങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തു. നിയമഭേദഗതിയിൽ ഇവരുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വാദിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇന്നലെ ചേർന്ന ജെപിസി യോഗത്തിൽ നിന്നും പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോയിരുന്നു.