പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കും.
ദില്ലി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല.
2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. മുസ്ലിങ്ങളെ പരിഗണിക്കില്ല. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ തുടര്‍നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയായിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നു.